കോഴിക്കോട്: മാവൂര്‍ റോഡിലെ പൊതുശ്മശാനം സ്മൃതിപഥം എന്ന പേരിട്ട് പുതുക്കിപ്പണിയുന്നത് പൂർത്തിയായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള ആദ്യ വിലാപയാത്ര വ്യാഴാഴ്ച നടക്കും.
Follow the FOURTH PILLAR LIVE channel on WhatsApp
ഏറെ നീണ്ടകാലത്തെ നവീകരണപ്പണിക്കുശേഷം മാവൂർ റോഡ് ശ്മശാനം ഡിസംബർ 29ന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുകയായിരുന്നു. അന്നു രാവിലെ രാവിലെ 10ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യുമെന്നായിരുന്ന തീരുമാനം.
നവീകരിച്ച ശ്മശാനത്തിൽ വാതക-വൈദ്യുത-പരമ്പരാഗത സൗകര്യങ്ങളാണ് സംസ്കാരത്തിനായുള്ളത്. സ്മൃതിപഥത്തിലേക്ക് ആദ്യ വിലാപയാത്ര എം.ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ളതാണ് എന്നത് കാലത്തിന്റെ നിയോഗം.
മലയാളത്തിന്റെ എം.ടിക്കാലം വൈകിട്ട് 4 മണിയോടെ അദ്ദേഹത്തിന്റെ വസതിയായ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയില്‍ നിന്നും പടിയിറങ്ങുകയാണ്. ആ കാലം ഇനി ഓര്‍മയുടെ നാലുകെട്ടിലേക്ക്.
ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു എം.ടിയുടെ അന്ത്യം. രാത്രി 11 മണിയോടെ സിതാരയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നു. അപ്പോൾ മുതല്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ അന്ത്യോപചാരങ്ങളര്‍പ്പിക്കാനായി ഒഴുകുകയായിരുന്നു.
തന്റെ ഭൗതിക ശരീരംപൊതുദര്‍ശനത്തിന് വെച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളില്‍ വാഹനഗതാഗതം തടസ്സപ്പെടരുത് എന്നൊക്കെ കര്‍ശനമായി എം.ടി. പറഞ്ഞിട്ടുണ്ട്. എങ്കിലും എം.ടിയെ അവസാനമായി ഒരു നോക്കുകാണാന്‍ വന്നവർക്കായി അദ്ദേഹത്തിന്റെ വീട് എക്കാലത്തയുമെന്നപോലെ തുറന്നുകിടന്നു.
എം.ടിയുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കുകയാണ്. 26നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.