ന്യൂഡല്‍ഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണഅദ്ദേഹത്തെ വ്യാഴാഴ്ച രാത്രി 8 മണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മൻമോഹൻ സിങ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ.മന്‍മോഹന്‍ സിങ്ങിന്റെ ജനനം. 1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളേജില്‍നിന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി.
പഞ്ചാബ് സര്‍വകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മികച്ച പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്ത് ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചുകാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987-1990 കാലയളവില്‍ ജനീവയിലെ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.
1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ.സിങ്ങിനെ തേടിയെത്തി. ധനകാര്യ മന്ത്രാലയം സെക്രട്ടറി, പ്ലാനിങ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
1991ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കിയത്. മൻമോഹന്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ തകർച്ചയിലേക്കു പോകുകയായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്വാധീനം അനുസ്മരിക്കപ്പെടും.
2004 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ അന്ന് എ.ഐ.സി.സി. പ്രസിഡൻ്റ് സോണിയ ഗാന്ധി തയ്യാറാകാതിരുന്നതിനെ തുടർന്ന് ആ ചുമതല മൻമോഹനിലേക്കെത്തി. 2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു. 2009ൽ പ്രധാനമന്ത്രിപദത്തിൽ രണ്ടാമത്തെ അവസരം. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. അദ്ദേഹം ലോക്സഭയിൽ അംഗമായിട്ടില്ല. സാമ്പത്തിക നയങ്ങൾക്ക് പുറമേ ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് ഐഡറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രൂപവത്കരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.
ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ.സിങ്ങിന് 1987ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു . 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിന്‍റെ റൈറ്റ്സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനപ്പെട്ടവ. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകള്‍ ഡോ.സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചു.
പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി ഡോ.സിങ് പങ്കെടുത്തിട്ടുണ്ട്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലും ഇന്ത്യന്‍ സംഘത്തെ നയിച്ചു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ഗുര്‍ശരണ്‍ കൗറാണ് ഡോ.മന്‍മോഹന്‍ സിങ്ങിന്‍റെ ഭാര്യ. ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ് എന്നിവർ പെൺമക്കൾ.