Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: ഏറെ ചർച്ചയായ നവകേരള ബസ് രൂപമാറ്റം വരുത്തി വീണ്ടും നിരത്തിലിറങ്ങുന്നു. പുതിയ അറ്റകുറ്റപണികൾക്കുശേഷം ബസ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ട് എത്തിച്ചു. ബസിന്റെ സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതിയതായി ബസിൽ 11 സീറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ ബസ്സിൽ ആകെ 37 സീറ്റാണ് ഉള്ളത്. എസ്‌കലേറ്ററും പിൻ ഡോറും ഒഴിവാക്കി മുൻഭാഗത്ത് മാത്രം ഡോർ നിലനിർത്തിയിരിക്കുകയാണ്. ബസിലെ ശൗചാലയവും നിലനിർത്തി.
ഇതിന് പുറമെ യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ബംഗുളൂരു- കോഴിക്കോട് യാത്രയിൽ ഈടാക്കിയത് 930 രൂപ മാത്രമാണ്. നേരത്തെ 1,280 രൂപയായിരുന്നു നവകേരള ബസ്സിലെ യാത്രാനിരക്ക്.
2023 ഡിസംബറിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന ഇടതുപക്ഷ സർക്കാരിന്റെ നവകേരള സദസ് പര്യടനത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ചത് ഈ ബസിലായിരുന്നു. യാത്ര തുടങ്ങും മുൻപേ ബസ് വിവാദത്തിന് തുടക്കമിട്ടിരുന്നു. ബസിനെ പറ്റി നിരവധി വ്യാജവാർത്തകളാണ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ പോലും പടച്ചുവിട്ടത്.