Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: പ്രിയപ്പെട്ട എം.ടിക്ക് മലയാളം സ്നേഹനിർഭരമായ യാത്രാമൊഴി ചൊല്ലി. തൂലിക കൊണ്ട് എന്നും നിലനില്ക്കുന്ന കഥാപ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എം.ടി.വാസുദേവൻ നായരുടെ ഭൗതികശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങൾ എം.ടിക്ക് അന്ത്യയാത്രാമൊഴിയേകി.
കൊട്ടാരം റോഡിലെ സിതാരയിൽ ഒരു രാത്രിയും ഒരു പകലും നീണ്ട പൊതുദർശനം അവസാനിച്ചത് വ്യാഴാഴ്ച വൈകിട്ട് 3.30ഓടെ മൂന്നരയോടെ. പൊതുദർശന തിരക്കും വിലാപയാത്രയിലെ ആൾക്കൂട്ടവും അന്ത്യയാത്രയിൽ എം.ടി. വിലക്കിയിരുന്നു. എങ്കിലും പ്രിയപ്പെട്ടവരുടെ സ്നേഹ സമ്മർദ്ദങ്ങൾക്ക് കുടുംബം വഴങ്ങി.ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരേയും പ്രിയ കഥാകാരനെ അവസാനമായി കാണാൻ ജനം ഒഴുകിയെത്തി.
വ്യാഴാഴ്ച വൈകീട്ട് 4.15ഓടെ എം.ടി. അവസാനമായി സിതാരയുടെ പടിയിറങ്ങി. സഹോദര പുത്രൻ സതീശൻ്റെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതശരീരം വീട്ടിൽ നിന്ന് ഇറക്കുമ്പോഴും പ്രിയ കഥാകാരനെ ഒരു നോക്കു കാണാൻ ആയിരങ്ങൾ വരിയിൽ ബാക്കിയായിരുന്നു. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ സ്മൃതിപഥത്തിലേക്ക്.
കാത്തു നിന്ന ആരാധക കൂട്ടം എംടിക്കൊപ്പം നടന്നപ്പോൾ അന്ത്യയാത്ര ആരുടെയും ആസൂത്രണമില്ലാതെ തന്നെ ഒരു വിലാപയാത്രയായി മാറി. കൊട്ടാരം റോഡിലെ സിതാരയ്ക്കും മാവൂർ റോഡിലെ സ്മൃതി പഥത്തിനുമിടയിലെ രണ്ട് കിലോമീറ്റർ ദൂരത്തിൽ നഗരവീഥികളിലുടനീളം പ്രിയ കഥാകാരന് അന്ത്യാഞ്ജലിയർപ്പിക്കാൻ ജനം നിറഞ്ഞു. 4.45ഓടെ മൃതശരീരം എത്തിക്കുമ്പോഴേക്കും സ്മൃതിപഥവും പരിസരവും ആൾക്കൂട്ടത്താൽ മൂടിയിരുന്നു.
അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹമറിയിച്ചവർക്കായി ഹ്രസ്വ നേരം കൂടി പൊതുദർനം. മന്ത്രിമാരുൾപ്പെടെയുള്ളവരുടെ അന്ത്യാഞ്ജലി. തുടർന്ന് സംസ്ഥാനത്തിൻ്റെ പൂർണ ഔദ്യോഗിക ബഹുമതി അർപ്പിച്ച് പൊലീസ് സേന. പിന്നെ അന്ത്യകർമങ്ങൾക്കു ശേഷം വാതകചിതയിലെ അഗ്നിനാളമായി മലയാളത്തിൻ്റെ പ്രിയ കഥാകാരൻ. എഴുതിയതൊക്കെയും ബാക്കിയാക്കി എം.ടി. മടങ്ങി.






























