തിരുവനന്തപുരം: വൈവിധ്യങ്ങളാൽ സമ്പന്നമായ ഐ.എഫ്.എഫ്.കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷൻ ട്രെൻഡുകളും. വ്യത്യസ്ത കോണുകളിൽനിന്നെത്തുന്ന ചലച്ചിത്ര പ്രേമികളിൽനിന്നു ഫാഷന്റെ മാറുന്ന മുഖങ്ങൾ കണ്ടെത്താനാകും. പതിവുരീതികളിൽനിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരിൽ പലരും. വ്യക്തിത്വമടയാളപ്പെടുത്തുന്ന ഒരു ഉപാധി കൂടിയാണ് അവർക്കു ഫാഷൻ.
Follow the FOURTH PILLAR LIVE channel on WhatsApp
മേളയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാഞ്ചി എന്ന സ്റ്റാളിന്റെ ഉടമയായ തിരുവനന്തുപുരത്തുനിന്നുള്ള നിമിഷക്ക് അവനവനിണങ്ങുന്നതാണ് ഫാഷൻ. കാഞ്ചീപുരം സാരി വിൽക്കാൻ ഉദ്ദേശിച്ചിരുന്ന നിമിഷക്ക് ഐ.എഫ്.എഫ്.കെ. അതിനുതകുന്ന വേദി ആയിരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ ആദ്യദിനം തന്നെ സാരി ആണ് ഏറ്റവുമധികം വിറ്റഴിഞ്ഞതെന്നത് അത്ഭുതമായിരുന്നു. പാരമ്പര്യവും ആധുനികതയും കലർത്തിയ ഫാഷനാണ് പലപ്പോഴും ഐ.എഫ്.എഫ്.കെയുടെ മുഖ്യാകർഷണമെന്നും നിമിഷ പറഞ്ഞു.
ഐ.എഫ്.എഫ്.കെ. ഫാഷൻ പരീക്ഷണങ്ങൾക്ക് ഏറ്റവും ഉതകുന്ന വേദിയായി മാറുന്നതായി കോഴിക്കോടുനിന്നുള്ള മോഡലിങ് സ്ഥാപനം നടത്തുന്ന റിയ പറയുന്നു. മേളയിൽ പങ്കെടുക്കാനെത്തിയ വിദേശികളായ മൂന്നംഗസംഘത്തെ അദ്ഭുതപ്പെടുത്തിയത് ബോളിവുഡ് ഫാഷൻ ഇവിടെ കാണാനായി എന്നതാണ്. വളരെ ലളിതമായി വസ്ത്രം ധരിക്കുന്നതുകൊണ്ടു വിചിത്രമായ പല വസ്ത്രധാരണ രീതികളും അവരിൽ അത്ഭുതമുണ്ടാക്കിയെന്നും പറഞ്ഞു.
ഐ.എഫ്.എഫ്.കെയിലെത്തിയ മാധ്യമപ്രവർത്തകരായ നന്ദനയ്ക്കും ആലിയയ്ക്കും തന്റേതായ വ്യക്തിത്വം ഫാഷനിലൂടെ പ്രകടിപ്പിക്കാൻ സാധിക്കുന്നുണ്ട്. സാധാരണ രീതിയിലുള്ള വസ്ത്രധാരണമാണ് ആലിയയ്ക്ക് ഇഷ്ടമെങ്കിൽ കൂട്ടുകാരി നന്ദനയ്ക്കാകട്ടെ വസ്ത്രധാരണത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താനാണ് ഇഷ്ടം. ഫോട്ടോഗ്രാഫറായ കിഷോറിന് കഴിഞ്ഞ വർഷത്തെ ഫാഷനുകൾ കൂടുതൽ വ്യത്യസ്തമായി തോന്നുന്നതായി അഭിപ്രായമുണ്ട്. ഐ.എഫ്.എഫ്.കെയുടെ ഫാഷൻ വർണങ്ങൾ ക്യാമറക്കണ്ണുകൾക്ക് ആനന്ദമാണെന്നും കിഷോറിന്റെ അഭിപ്രായം.
ഐ.എഫ്.എഫ്.കെ. വൈബ് വസ്ത്രങ്ങൾ എന്ന ഒരു വിഭാഗം തന്നെ യുവത്വത്തിനിടയിൽ ഉടലെടുത്തുവരുന്നതായി മേളയിൽ പതിവായി ഡെലിഗേറ്റുകളായെത്തുന്ന സിദ്ധാർഥ്, അജിൽ, അനുശ്രീ, അനീഷ എന്നിവർ അഭിപ്രായപ്പെട്ടു. നിറക്കൂട്ടുകളിലും വസ്ത്ര വൈവിധ്യങ്ങളിലും ആഭരണങ്ങളിലും സ്വത്വവും സ്വാത്രന്ത്യവും പ്രഖ്യാപിക്കുന്ന ഇടമായി ഓരോ കേരള രാജ്യാന്തര ചലച്ചിത്രമേളയും മാറുകയാണ്.