കല്പറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് വിനോദസഞ്ചാരികളുടെ ക്രൂരത. അതിക്രമത്തിൽ കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതനു സാരമായ പരുക്കേറ്റു. പയ്യംമ്പള്ളി കുടൽ കടവിൽ തടയണ കാണാനെത്തിയ 2 സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായതുകണ്ടു തടയാനെത്തിയതിനാണു മാതനെ വിനോദസഞ്ചാരികൾ ആക്രമിക്കാൻ കാരണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു.
Follow the FOURTH PILLAR LIVE channel on WhatsApp
കബനി നദിയുടെ രണ്ട് കൈവഴികൾ സംഗമിക്കുന്ന സ്ഥലമാണ് കൂടൽക്കടവ്. ഇവിടെയുള്ള ചെക്ക് ഡാം സന്ദർശിക്കാൻ ധാരാളം സഞ്ചാരികളാണ് എത്താറ്. രണ്ട് കാറിലുണ്ടായിരുന്നവരും തമ്മിൽ ഇവിടെവെച്ച് തർക്കമുണ്ടായി. ബഹളംകേട്ടു പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളിയിലെത്തി. ഇതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാനെത്തിയതായിരുന്നു മാതൻ. ഇതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു.
മാതൻ്റെ കൈ കാറിൻ്റെ ഡോറിനുള്ളിൽ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ചു. കൈകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമി സംഘം ഉപയോഗിച്ച കെ.എൽ. 52 എച്ച്. 8733 നമ്പർ മാരുതി സെലേറിയോ കാറിന്റെ ഉടമ കുറ്റിപ്പുറം സ്വദേശിയായ പുല്ലംപാടം വീട്ടിൽ മുഹമ്മദ് റിയാസ് ആണെന്ന് മോട്ടോർവാഹന വകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഊർജിതമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.