Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കോതമംഗലം നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പിഴുതെറിഞ്ഞ പന ദേഹത്തുവീണ് ബൈക്ക് യാത്രികയായ എൻജിനിയറിങ് വിദ്യാർഥിനി മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സി.വി.ആൻമേരിയാണ് (21) മരിച്ചത്.
ബൈക്ക് ഓടിച്ച സഹപാഠി കോതമംഗലം അടിവാട് മുല്ലശേരി അൽത്താഫ് അബൂബക്കറിനെ (21) പരിക്കുകളോടെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കോതമംഗലം എം.എ. എൻജിനിയറിങ് കോളേജ് മൂന്നാംവർഷ ബി.ടെക് മെക്കാനിക്കൽ വിദ്യാർഥികളാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടം. ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലത്തേക്ക് വരികയായിരുന്നു ആൻമേരിയും അൽത്താഫും. റോഡിനു മുകൾഭാഗത്തായി വനത്തിൽ നിന്ന കാട്ടാന മരം പിഴുതെറിയുകയായിരുന്നു.
വനപാലകരെത്തി ഇരുവരെയും ജീപ്പിൽ നേര്യമംഗലത്തും ഇവിടെനിന്ന് ആംബുലൻസിൽ കോതമംഗലത്തും എത്തിച്ചെങ്കിലും ആൻമേരിയെ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ് ജീവനക്കാരൻ സി.ജെ.വിൻസണിൻ്റെയും കഞ്ചിക്കോട് ഗവ. ഹൈസ്‌കൂൾ അധ്യാപിക ജീനയുടെയും മകളാണ് ആൻമേരി. സഹോദരി: റോസ്‌മേരി.