പത്തനംതിട്ട: കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ ബിജു പി.ജോര്‍ജ്, മത്തായി ഈപ്പൻ, അനു, നിഖില്‍ എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലര മണിയോടെയാണ് അപകടമുണ്ടായത്.
Follow the FOURTH PILLAR LIVE channel on WhatsApp
ഒരു കുടുംബത്തിലെ 4 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. അനുവിന്‍റെ ഭര്‍ത്താവാണ് നിഖില്‍. നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനാണ് ബിജു പി.ജോര്‍ജ്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. 8 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. കാനഡയിൽ എൻജിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.
തെലങ്കാന സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ബിജുവാണ് കാർ ഓടിച്ചിരുന്നതെന്ന് അറിവായിട്ടുണ്ട്. മത്തായി മുൻ സീറ്റിലും നിഖിലും അനുവും പിൻസീറ്റിലുമായിരുന്നു. ഇവരുടെ വീടെത്താൻ 7 കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം.
കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറഞ്ഞത്. കാർ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാർ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തിൽ മാത്രമായിരുന്നുവെന്നും സതീഷ് വ്യക്തമാക്കി. ബസ്സിൽ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീർഥാടകരാണ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക.