ന്യൂഡൽഹി∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി കൊളീജിയം നിർദേശം നൽകി. ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് കോളീജിയം തലവൻ.
Follow the FOURTH PILLAR LIVE channel on WhatsApp
വി.എച്ച്.പിയുടെ നിയമവേദി ഹൈക്കോടതി ഹാളിൽ 11ന് നടത്തിയ ചടങ്ങിലായിരുന്നു വിവാദപ്രസംഗം. ‘ഏകീകൃത സിവിൽ കോഡ്– ഭരണഘടനാപരമായ അനിവാര്യത’ എന്ന വിഷയത്തിലായിരുന്നു പ്രസംഗം. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞുള്ള പ്രസംഗത്തിൽ മുസ്‌ലിങ്ങൾക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങളും ഉണ്ടായിരുന്നു. വിവാദ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അലഹാബാദ് ഹൈക്കോടതിയോടു വിശദീകരണവും തേടി.
ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടിസ് നൽകിയിരുന്നു. അതിനിടെ യാദവിനെ പിന്തുണച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. ആരെങ്കിലും സത്യം പറഞ്ഞാൽ, ഇംപീച്ച്‌മെന്റ് പ്രമേയത്തിലൂടെ സമ്മർദ്ദത്തിലാക്കുന്നു എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ജസ്റ്റിസ് യാദവിനെതിരെ ആഭ്യന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കൺവീനറായുള്ള ക്യാംപെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സി.ജെ.എ.ആർ.) ചീഫ് ജസ്റ്റിസിനു കത്തെഴുതി. 2026 ഏപ്രിലിലാണ് യാദവ് വിരമിക്കേണ്ടത്.