ഹൈദരാബാദ്: നടൻ അല്ലു അര്‍ജുനെതിരായ പരാതി പിൻവലിക്കുമെന്ന് പുഷ്പ 2വിന്റെ പ്രത്യേക പ്രദർശനത്തിനിടെ ഹൈദരാബാദ് സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭര്‍ത്താവ് ഭാസ്കര്‍. ഇദ്ദേഹത്തിൻ്റെ പരാതിയിൽ അല്ലു അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പ്രതികരണം. ഇതോടെ തെലങ്കാന പൊലീസ് സമ്മര്‍ദത്തിലായി.
Follow the FOURTH PILLAR LIVE channel on WhatsApp
പുഷ്പ 2 കാണണമെന്ന മകന്റെ ആഗ്രഹപ്രകാരമാണ് തിയറ്ററിലെത്തിയത്. ആ സമയം തിയറ്റര്‍ സന്ദര്‍ശിച്ചത് അല്ലു അര്‍ജുൻ്റെ കുഴപ്പമല്ല. പരാതി പിൻവലിക്കാൻ തയ്യാറാണ്. അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ദുരന്തത്തിൽ അല്ലു അര്‍ജുന് പങ്കില്ല -ഭാസ്കര്‍ പറഞ്ഞു. ഭാര്യ രേവതിയുടെ മരണത്തിനു പിന്നാലെയാണ് അല്ലുവിനും തിയേറ്ററുകാര്‍ക്കുമെതിരെ ഭാസ്കർ പരാതി നൽകിയത്. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്ന് ഇതിനുശേഷം അല്ലു പ്രഖ്യാപിച്ചിരുന്നു.
അതേസമയം അല്ലു അര്‍ജുന് സിനിമാ, രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ പിന്തുണയുമായെത്തി.ബന്ധുകൂടിയായ നടൻ ചിരഞ്ജീവി അല്ലുവിന്റെ വീട്ടിലെത്തി. തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാരിനെതിരെ അല്ലുവിന്റെ ആരാധകരുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.