പാലക്കാട്: വാളയാറിൽ പൊലീസ് പരിശോധനയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടിച്ചു. കിഴക്കഞ്ചേരി സ്വദേശിയും ബി.ജെ.പി. പ്രാദേശിക നേതാവുമായ പ്രസാദ് സി.നായരും ഡ്രൈവർ പ്രശാന്തും യാത്ര ചെയ്ത കാറിൽ നിന്നാണ് പണം പിടിച്ചത്. കാറിൽ ഒരു കാർഡ്ബോർഡ് പെട്ടിയിൽ 500 രൂപയുടെ 100 നോട്ടുകളടങ്ങിയ കെട്ടുകൾ അടുക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
വാളയാർ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു പ്രസാദും ഡ്രൈവറുമെന്നാണ് വിവരം. ഇവരോട് പണത്തിൻ്റെ രേഖകൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. രണ്ട് പേരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് പറഞ്ഞു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിൻ്റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ വടക്കഞ്ചേരി പൊലീസും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ എന്തെങ്കിലും കണ്ടെത്തിയോ എന്നത് സംബന്ധിച്ച് പൊലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.