ന്യൂഡൽഹി: നേതാക്കൾക്ക് 75 വയസ്സ് പ്രായ പരിധിയിൽ മാറ്റം വേണ്ടെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയിൽ ധാരണ. 2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യുന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയുണ്ടായത്.
Follow the FOURTH PILLAR LIVE channel on WhatsApp
2022ൽ കണ്ണൂരിൽ നടന്ന കഴിഞ്ഞ 23-ാം പാർട്ടി കോൺഗ്രസിലാണ് വിവിധ തലത്തിലുള്ള കമ്മിറ്റി അംഗങ്ങൾക്ക് പ്രായപരിധി 80ൽ നിന്നു കുറച്ച് 75 ആക്കി പാർട്ടി നിശ്ചയിച്ചത്. ഈ വ്യവസ്ഥയനുസരിച്ച് പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ വലിയൊരു വിഭാഗം മധുരയിലെ പാർട്ടി കോൺഗ്രസോടെ പൊളിറ്റ് ബ്യൂറിയിൽ നിന്ന് ഒഴിവാകും. ഈ ഘട്ടത്തിലാണ് മാറ്റം വേണമെന്ന നിർദ്ദേശം നേതൃതലത്തിൽ തന്നെ ഉയർന്നത്.
എന്നാൽ, പ്രായപരിധി പുനഃപരിശോധിക്കേണ്ടതില്ല എന്ന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പാർട്ടി കോ-ഓർജിനേറ്റർ പ്രകാശ് കാരാട്ട് പി.ബി. യോഗത്തെ അറിയിച്ചു. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഇളവ് വേണമെങ്കിൽ പാർട്ടി കോൺഗ്രസിൽ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
17 അംഗ പൊളിറ്റ് ബ്യൂറോയിൽ 7 പേർ 75 വയസ്സ് പ്രായപരിധി പിന്നിട്ടവരാണ്. പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്തി മിശ്ര, ജി.രാമകൃഷ്ണൻ, സുഭാഷിണി അലി എന്നിവർ ഈ ഗണത്തിൽപ്പെടുന്നു.
75 വയസ്സ് പ്രായപരിധി പരിഗണിച്ച് എസ്.രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ കണ്ണൂർ പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായിരുന്നു. ആ സമയത്ത് പിണറായി വിജയന് 76 വയസ്സ് പ്രായമുണ്ടായിരുന്നുവെങ്കിലും കേരള മുഖ്യമന്ത്രി എന്ന ഭരണഘടനാ പദവി വഹിക്കുന്നയാൾ എന്ന നിലയിൽ പൊളിറ്റ് ബ്യൂറോയിൽ നിലനിർത്താൻ പാർട്ടി കോൺഗ്രസ് അനുവദിച്ചു.
ഇത്തവണയും പിണറായി വിജയൻ പൊളിറ്റ് ബ്യൂറോയിൽ തുടരണോ എന്ന കാര്യത്തിലെ തീരുമാനം പാർട്ടി കോൺഗ്രസിനു മുന്നിലേക്കു വരികയാണ്.