Follow the FOURTH PILLAR LIVE channel on WhatsApp
പോർബന്തർ: 1997-ലെ കസ്റ്റഡി മർദനക്കേസിൽ മുൻ ഐ.പി.എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി കുറ്റമുക്തനാക്കി. സംശയങ്ങൾക്കതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. സഞ്ജീവ് ഭട്ട് പോർബന്തർ എസ്.പിയായിരിക്കുമ്പോഴുള്ള കേസിലാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുകേഷ് പാണ്ഡ്യ വിധി പറഞ്ഞത്.
അതേസമയം, 1990-ലെ കസ്റ്റഡി മരണത്തിൽ ജീവപര്യന്തം തടവ് ലഭിച്ച സഞ്ജീവ് ഭട്ട് നിലവിൽ ജയിലിലാണ്. രാജസ്ഥാൻ ആസ്ഥാനമായുള്ള അഭിഭാഷകനെ മയക്കുമരുന്ന് ഉപയോഗിച്ച് കുടുക്കാൻ ശ്രമിച്ചെന്ന കേസിലും 20 വർഷം തടവ് ലഭിച്ചിട്ടുണ്ട് സഞ്ജീവ് ഭട്ടിന്.
രാജ്കോട്ട് സെൻട്രൽ ജയിലിലാണ് നിലവിൽ അദ്ദേഹമുള്ളത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നൽകിയതോടെയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിനെതിരായ കേസുകൾ സജീവമാക്കിയത്.