കോഴിക്കോട്: ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ബാങ്കിന്റെ വിവിധ ശാഖകളില്‍നിന്നു നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നു. പാറോപ്പടി ബ്രാഞ്ചില്‍നിന്ന് 60 ലക്ഷവും ചേവായൂര്‍ ബാങ്ക് ഹെഡ് ഓഫിസില്‍നിന്ന് ഒരു കോടി രൂപയും പിന്‍വലിക്കണമെന്ന ആവശ്യവുമായി നിക്ഷേപകരെത്തി.
ബാങ്കിന്റെ മറ്റു ശാഖകളിലും പണം പിന്‍വലിക്കുകയാണെന്നറിയിച്ച് നിരവധിപ്പേര്‍ എത്തിയിട്ടുണ്ട്. ബാങ്കില്‍ പണമില്ലാത്തതിനാല്‍ പലരോടും അടുത്ത ദിവസം വരാന്‍ പറഞ്ഞ് മടക്കി അയച്ചു.
ജനാധിപത്യവിരുദ്ധമായ തിരഞ്ഞെടുപ്പാണെന്നും ഫലം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തില്ല.
പാര്‍ട്ടിയുടെ ആഹ്വാനം ഇല്ലാതെയാണ് നിരവധി നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയതെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ നിക്ഷേപം പിന്‍വലിക്കുന്നത് വര്‍ധിക്കും. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.