കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടയില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാള്‍ കത്തിച്ചാല്‍ അസം, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഡല്‍ഹി സംസ്ഥാനങ്ങള്‍ കത്തുമെന്ന് മമത പറഞ്ഞു. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ദേശവിരുദ്ധ അഭിപ്രായങ്ങള്‍ പ്രസ്താവിക്കുന്നത് ഉചിതമല്ലെന്നും മമത രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
Follow the FOURTH PILLAR LIVE channel on WhatsApp
Kolkata: CM Mamata Banerjee says, “Remember if Bengal is burned, then Assam, Bihar, Jharkhand, Odisha, and Delhi will also be burned” pic.twitter.com/zwg8ZOnR9p
— IANS (@ians_india) August 28, 2024
പ്രധാനമന്ത്രി ബംഗാളില്‍ അശാന്തി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. എന്നാല്‍ നിങ്ങള്‍ ബംഗാള്‍ കത്തിച്ചാല്‍ അസം, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഡല്‍ഹി എന്നിവയും കത്തുമെന്ന് ഓര്‍ക്കണമെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്ത് നടന്നുവരുന്ന പ്രക്ഷോഭം ബംഗ്ലാദേശിലെ പ്രതിഷേധത്തിന് സമാനമാണെന്നാണ് ചിലര്‍ കരുതുന്നത്. ഞാന്‍ ബംഗ്ലാദേശിനെ സ്‌നേഹിക്കുന്നു. അവര്‍ ബംഗാളിയാണ് സംസാരിക്കുന്നത്. നമ്മുടെ സംസ്‌കാരവും സമാനമാണ്. എന്നിരുന്നാലും, ബംഗ്ലാദേശ് മറ്റൊരു രാജ്യമാണെന്നും മമത പറഞ്ഞു.
മമതയുടെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് മുന്നിലുള്ളത്. അസമിനെ ഭീഷണിപ്പെടുത്താന്‍ എങ്ങനെ ധൈര്യമുണ്ടായെന്ന് ചോദിച്ച ശര്‍മ മമതയുടെ പരാജയ രാഷ്ട്രീയം കൊണ്ട് ഇന്ത്യയെ തീയിടാന്‍ ശ്രമിക്കരുതെന്നും ഭിന്നിപ്പിക്കുന്ന ഭാഷ അനുയോജ്യമല്ലെന്നും പറഞ്ഞു.