കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം കൂട്ടബലാത്സംഗമാണെന്ന് സംശയിച്ച് കുടുംബം. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മാതാപിതാക്കള്‍ കൂട്ടബലാത്സംഗത്തിന്റെ സംശയം പ്രകടിപ്പിച്ചത്. കേസില്‍ പ്രതിയായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നടന്നത് കൂട്ടബലാത്സംഗമാണെന്ന സംശയം മാതാപിതാക്കള്‍ പ്രകടിപ്പിക്കുമ്പോള്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ആരോ ശ്രമിക്കുന്നുവെന്ന ആരോപണമായി അതു മാറുകയാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
മൃതദേഹത്തില്‍ ധാരാളം മുറിവുകളുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കുടുംബം കോടതിയില്‍ സംശയം പ്രകടിപ്പിച്ചത്. യുവതിയുടെ ശരീരത്തില്‍ 150 മില്ലിഗ്രാം ശുക്ലം കണ്ടെത്തിയത് കൃത്യത്തില്‍ ഒന്നിലേറെ പേര്‍ ഉള്ളതിനു തെളിവാണെന്ന് രക്ഷിതാക്കളും സഹഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. ശ്വാസംമുട്ടി മരണം സംഭവിച്ചതായാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മാരകമായ മുറിവുകളുണ്ടെന്നും അതിക്രൂരമായ അക്രമം നടന്നു എന്നതിന് തെളിവാണിതെന്നും മാതാപിതാക്കള്‍ കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയ ശുക്ലത്തിന്റെ അളവ് ഇത്രയധികം വര്‍ധിച്ചത് കൂട്ടബലാത്സംഗത്തിന്റെ വ്യക്തമായ സൂചനയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിലയിരുത്തിയ ഡോ.സുബര്‍ണ ഗോസ്വാമി പറഞ്ഞു.
അതേസമയം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സി.ബി.ഐ. സംഘം ബുധനാഴ്ച കൊല്‍ക്കത്തയിലെത്തി. അറസ്റ്റിലായ സഞ്ജയ് റോയിയെ സി.ബി.ഐയ്ക്കു കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.