തിരുവനന്തപുരം: ആർപ്പോ വിളികളും ആരവങ്ങളുമായാണ് സാധാരണ ഞായറയാഴ്ചകളിൽ മലയാളം പള്ളിക്കൂടത്തിൽ അധ്യയനം തുടങ്ങുക. എന്നാൽ ഇക്കുറി അതൊന്നുമുണ്ടായിരുന്നില്ല. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയുമെല്ലാം മുഖത്തൊരു ദുഃഖഭാവം. അവരുടെ എം.ടിയപ്പൂപ്പൻ വിടവാങ്ങിയതിൻ്റെ ദുഃഖം.
Follow the FOURTH PILLAR LIVE channel on WhatsApp
എം.ടി.വാസുദേവൻ നായർ എഴുതിയ ഭാഷാപ്രതിജ്ഞ എല്ലാ ആഴ്ചയിലും മുറതെറ്റാതെ ചൊല്ലുന്നവരാണ് മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ. ആ പ്രതിജ്ഞ ചൊല്ലുമ്പോഴെല്ലാം അവർ എം.ടിയെ ഓർക്കുന്നുമുണ്ട്. 2015ൽ പള്ളിക്കൂടത്തിലെ കുട്ടികളെ കാണാനെത്തിയപ്പോൾ അവിടത്തെ ബോർഡിൽ മഹാസാഹിത്യകാരൻ എഴുതിയിട്ടതാണ് “മലയാളമാണ് എൻ്റെ ഭാഷ, എൻ്റെ ഭാഷ എൻ്റെ വീടാണ്, എൻ്റെ ആകാശമാണ്, ഞാൻ കാണുന്ന നക്ഷത്രമാണ്…” എന്നിങ്ങനെ തുടരുന്ന വരികൾ. ഇതു പിന്നീട് 2018ൽ സർക്കാർ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി പ്രഖ്യാപിക്കുകയായിരുന്നു.
കഥയുടെ പെരുന്തച്ചന് ആദരാഞ്ജലികൾ എന്നെഴുതിയ ബോർഡിന് താഴെ എം.ടിയുടെ ചിത്രവും ഭാഷാപ്രതിജ്ഞയും. അതിനു മുന്നിൽ ഡോ.ജോർജ് ഓണക്കൂറും കുട്ടികളും രക്ഷിതാക്കളും എം.ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ശേഷം കല്ല് സ്ലേറ്റിലെഴുതിയ എം.ടി. നോവലുകളുടെ പേരും പള്ളിക്കൂടത്തിനെഴുതി തന്ന ഭാഷാ പ്രതിജ്ഞയും ഉയർത്തിപ്പിടിച്ച് കുട്ടികൾ “മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്….” എന്നുറക്കെ ചൊല്ലി. എം.ടിയുമൊത്തുള്ള ഓരോനിമിഷവും പുണ്യമായിരുന്നു എന്നും കാലഘട്ടത്തിന്റെ മുഴക്കം സൃഷ്ടിക്കുന്നതാണ് എം.ടിയുടെ കഥാപാത്രങ്ങളെന്ന് ഓണക്കൂർ അനുസ്മരിച്ചു.
എം.ടിയുടെ കാലം, രണ്ടാമൂഴം എന്നിവയിലെ ഏതാനും ഭാഗങ്ങൾ കുട്ടികളായ വന്ദന കൃഷ്ണ, വരദ എന്നിവർ വായിച്ചു. 2015-ൽ എംടി പള്ളിക്കൂടത്തിൽ വന്ന ക്യാമ്പിൽ പങ്കെടുത്ത പി.ആർ.അദ്വൈത് അന്നത്തെ അനുഭവം പങ്കുവച്ചു. മലയാളം പള്ളിക്കൂടം സെക്രട്ടറി ജെസി നാരായണൻ, അദ്ധ്യാപകരായ വട്ടപ്പറമ്പിൽ പീതാംബരൻ, അർച്ചന പരമേശ്വരൻ എന്നിവർ സംസാരിച്ചു.