കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി.കൃഷ്ണദാസ് (82) കോഴിക്കോട് തിരുവണ്ണൂരില്‍ അന്തരിച്ചു. തിരുവണ്ണൂർ കോട്ടൺമിൽ റോഡിൽ കോഴിപ്പുറം കോമ്പൗണ്ട് ‘അഞ്ജലി’യിലായിരുന്നു താമസം. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററാണ്.
44 വർഷം അദ്ദേഹം മാതൃഭൂമിയിൽ പ്രവർത്തിച്ചു. 1962 ഏപ്രില്‍ 1ന് റിപ്പോര്‍ട്ടറായാണ് ജോലിയില്‍ പ്രവേശിച്ചത്. കോഴിക്കോട്ട് ഡെപ്യൂട്ടി എഡിറ്റർ (കോഡിനേഷൻ), ന്യൂസ് എഡിറ്റർ (കോഡിനേഷൻ), തൃശ്ശൂരിൽ ന്യൂസ് എഡിറ്റർ, മുംബൈയിൽ സ്പെഷ്യൽ കറസ്പോണ്ടന്റ് എന്നീ നിലകളിൽ ജോലിചെയ്തു.
എഡിറ്റോറിയൽ പേജിന്റെയും വാരാന്തപ്പതിപ്പിന്റെയും ചുമതലയും വഹിച്ചിട്ടുണ്ട്. എഡിറ്റോറിയൽ പേജിൽ ലേഖനങ്ങളുമെഴുതിയിരുന്നു. 2006 മേയ് 10ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായി കോഴിക്കോട് യൂണിറ്റില്‍നിന്ന് അദ്ദേഹം വിരമിച്ചു.
പരേതരായ കോഴിപ്പുറത്ത് ഗോവിന്ദ മേനോന്റെയും മധുരക്കോട്ട് പുത്തൻവീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മകനാണ് കൃഷ്ണദാസ്. ഭാര്യ: പുതുശ്ശേരിക്കണ്ടി സാവിത്രി (റിട്ട. അധ്യാപിക, ആഴ്ചവട്ടം ശ്രീവ്യാസ സ്കൂൾ). മകൾ: ശാലിനി (കാലിക്കറ്റ് സർവകലാശാല) സഹോദരങ്ങൾ: എം.പി.അംബിക (ബംഗളൂരു), പരേതനായ എം.പി.രാമദാസ്.
സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തിരുവണ്ണൂർ മാനാരി ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.