29 C
Trivandrum
Tuesday, February 11, 2025

മിഹിറിൻ്റെ മരണം; ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി

തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന്‌ വീണ്‌ വിദ്യാർഥി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക്‌ കടക്കുമെന്നും ഹിൽപാലസ്‌ പൊലീസ്‌ വ്യക്തമാക്കി.

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്‌ സ്‌കൂളിലെ 9ാം ക്ലാസ്‌ വിദ്യാർഥി മിഹിർ അഹമ്മദാണ്‌ (15) ജനുവരി 15ന്‌ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൻ്റെ 26ാം നിലയിൽനിന്ന്‌ വീണ്‌ മരിച്ചത്‌. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന്‌ പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.

സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചതായും ക്ലോസറ്റ്‌ നക്കിച്ചതായും മുഖം താഴ്ത്തി ഫ്ലഷ് ചെയ്‌തതായും പരാതിയിലുണ്ട്‌. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന്‌ പരാതിയിൽ പറയുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.

മിഹിർ ആദ്യം പഠിച്ചിരുന്ന ഇൻഫോപാർക്ക് ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ തുടങ്ങിയവരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിൽ ഹിൽപാലസ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ തിങ്കളാഴ്‌ച മിഹിറിന്റെ മാതാപിതാക്കൾ, ഗ്ലോബൽ സ്‌കൂൾ അധികൃതർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks