Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തം അടക്കമുള്ള ദുരിതങ്ങളിൽനിന്നു കരകയറാൻ വഴി തേടുന്ന വയനാടിനെ പാടെ അവഗണിച്ച് കേന്ദ്ര ബജറ്റ്. ദുരന്തബാധിതരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കേന്ദ്രസഹായം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വന്യമൃഗ ആക്രമണം മൂലം വയനാട്ടിൽ ആളുകൾ കൊല്ലപ്പെടുന്നത് ദേശീയ തലത്തിൽ ചർച്ചയായെങ്കിലും വന്യമൃഗശല്യം കുറയ്ക്കാൻ പ്രത്യേക പദ്ധതിയോ ഫണ്ടോ അനുവദിച്ചില്ല.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആശയം സംസ്ഥാനം നേരത്തേ മുന്നോട്ടുവെച്ചിരുന്നു. കഴിഞ്ഞമാസം ഈ ആവശ്യം പരിഗണിച്ചെങ്കിലും ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു ബജറ്റിൽ പ്രത്യേക വാഗ്ദാനങ്ങളൊന്നുമുണ്ടായില്ല. 153.47 കോടി രൂപ അനുവദിച്ചെങ്കിലും ദുരന്ത നിവാരണനിധി വിനിയോഗത്തിലെ വ്യവസ്ഥയനുസരിച്ച് ഈ തുക ഉപയോഗിക്കാനാവില്ലെന്ന ആശങ്കയുണ്ട്.
ഉരുൾപൊട്ടലിൽ 1,220 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 1,555 വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായി. 2,219 കോടി രൂപ ആവശ്യപ്പെട്ട് കേരളം പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് പഠനം നടത്തി അപേക്ഷ നൽകിയിട്ടും കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുത്തില്ല. ദുരിതാശ്വാസത്തിനായി 219.23 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി മനസ്സിലാക്കിയതാണ്. പക്ഷേ, അതിന് ഫലമൊന്നുമുണ്ടായില്ല.
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കല്പറ്റ, മേപ്പാടി എന്നിവിടങ്ങളിൽ സ്ഥലം ഏറ്റെടുത്ത് ടൗൺഷിപ് നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ നിലപാട് വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കുൾപ്പെടെ തിരിച്ചടിയാണ്. സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് പുനരധിവാസം നടത്താൻ സാധിക്കാത്ത സാഹചര്യമാണ്. അതിതീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതു തന്നെ ഉരുൾപൊട്ടലുണ്ടായി അഞ്ചാം മാസമാണ്. ആ അവഗണന ബജറ്റിലും തുടർന്നു.
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മ കടുവയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ചതുൾപ്പെടെ, വയനാട്ടിലെ വന്യമൃഗ ആക്രമണം ദേശീയശ്രദ്ധ നേടിയിരുന്നു. തുടർച്ചയായി വന്യമൃഗശല്യമനുഭവപ്പെടുന്ന ജില്ലയിൽ പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അനുകൂലമായ ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന ആക്ഷേപമുയർന്നിരുന്നു. ഇതു ശരിവെക്കുന്ന സമീപനമാണ് ബജറ്റിലുണ്ടായതും. കഴിഞ്ഞ വർഷം കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ് ജില്ലയിൽ സന്ദർശനം നടത്തിയിരുന്നു. വന്യമൃഗ ശല്യം കുറയ്ക്കാൻ മാർഗങ്ങൾ തേടുമെന്നു പറഞ്ഞിരുന്നെങ്കിലും ഈ വർഷവും അതു പരിഗണിച്ചില്ല.
കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയിൽ കേരളത്തിൽനിന്ന് ഇടം നേടിയ ഏക ജില്ലയാണ് വയനാട്. ഉരുൾപൊട്ടലുണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാടു സന്ദർശിക്കുകയും സഹായവാഗ്ദാനം നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ കൂടുതൽ കേന്ദ്ര സഹായമുണ്ടാകുമെന്നും ബജറ്റിൽ പരിഗണന ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. യാത്രാക്ലേശത്തിനൊപ്പം ആരോഗ്യമേഖലയിലും അവഗണന നേരിടുന്ന ജില്ലയ്ക്ക് ആരോഗ്യമേഖലയിൽ ഉണർവു നൽകുന്ന പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.