Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: അമ്മയ്‌ക്ക് പിന്നാലെ അച്ഛനും അച്ഛമ്മയും ചെന്താമര എന്ന കൊടുംകുറ്റവാളിയാൽ അരുംകൊല ചെയ്യപ്പെട്ടപ്പോൾ ജീവിതത്തിൽ അനാഥരായ അഖിലയെയും അതുല്യയെയും ചെറുത്തുപിടിച്ച് സി.പി.എം. അഖിലയ്‌ക്ക് മുന്നോട്ടുള്ള കരുത്തിന് സി.പി.എം. ജോലി നൽകും. അഖിലയ്‌ക്ക് പോയി വരാൻ സൗകര്യമുള്ള പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്കിലാകും ജോലി നൽകുകയെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
അമ്മ സജിതയുടെ സഹോദരി സരിതയുടെ വീട്ടിലാണ് അഖിലയും ചേച്ചി അതുല്യയുമുള്ളത്. ഇവരെ കാണാനും ആശ്വസിപ്പിക്കാനും സി.പി.എം. ജില്ലാ സെക്രട്ടറി സുരേഷ് ബാബു വ്യാഴാഴ്‌ച ചിതലിയിലെത്തിയപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത പ്രയാസങ്ങളും ആവലാതികളും ഇരുവരും അദ്ദേഹത്തോട് പറഞ്ഞു. തുടർന്നാണ് ജോലി നൽകാൻ പാർട്ടി തീരുമാനമായത്. നിയമപോരാട്ടത്തിനും പിന്തുണ നൽകുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
കുറ്റവാളിയായ ചെന്താമരയുടെ കൊടുവാളിനുമുന്നിൽ 2019 ഓഗസ്റ്റ് 31നാണ് അമ്മ സജിതയെ നഷ്‌ടമായത്.5 വർഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ പ്രതി പക ഉള്ളിൽ കരുതി ആസൂത്രിതമായി അച്ഛൻ സുധാകരനെയും അച്ഛമ്മ ലക്ഷ്‌മിയെയും വെട്ടിവീഴ്‌ത്തി.