എറണാകുളം: കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ക്ണാച്ചേരി കൊടിയാട്ട് എൽദോസാണ് (45) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ എൽദോസ് ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ വഴിയിൽ ഉണ്ടായിരുന്ന ആനയെ എൽദോസ് കണ്ടില്ല. എൽദോസിനെ ആന മരത്തിൽ അടിച്ചാണ് കൊലപ്പെടുത്തിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എൽദോസിനെ മരിച്ച നിലയിൽ റോഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയിരുന്നു. ഇതേ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചും മൃതദേഹം സംഭവ സ്ഥലത്ത് നിന്നും മാറ്റാൻ അനുവദിക്കാതെയുമായിരുന്നു പ്രതിഷേധം. മൃതദേഹം കൊണ്ടുപോകാൻ വന്ന ആംബുലൻസ് ജനങ്ങൾ തിരിച്ചയച്ചിരുന്നു.
അതേസമയം, ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി. എല്‍ദോസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് കളക്ടര്‍ അറിയിച്ചു. ഇതിൽ 5 ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറിയതോടെ പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചു. നാട്ടുകാരുടെ മറ്റ് ആവശ്യങ്ങളും നിറവേറ്റുമെന്ന് കളക്ടര്‍ ഉറപ്പു നല്കി.
നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം ട്രഞ്ചുകളുടെ നിര്‍മാണവും, പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഉടനെ തന്നെ ആരംഭിക്കും. സോളാര്‍ ഫെൻസിങ്ങിന്റെ ജോലികൾ 21ന് ആരംഭിക്കുമെന്നും കളക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരും. കളക്ടറുടെ ഉറപ്പുകള്‍ക്ക് പിന്നാലെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാട്ടുകാര്‍ സമ്മതിച്ചു. മൃതദേഹം കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.