ആലപ്പുഴ: സി.പി.എമ്മിന്റെ മുൻ കായംകുളം ഏരിയാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ബിപിൻ സി.ബാബു ബി.ജെ.പിയിൽ ചേർന്നു. ഇദ്ദേഹത്തിനെതിരെ ഭാര്യയും കുടുംബവും ഗാർഹിക പീഡനം സംബന്ധിച്ച് ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെ തുടർന്നാണ് സി.പി.എം. സംഘടനാ നടപടിയെടുത്തത്. ബിപിനെ ഏരിയാ കമ്മിറ്റിയിൽ നിന്നാണ് നടപടിയെടുത്തതെങ്കിലും തിരികെ സി.പി.എം. ഉൾപ്പെടുത്തിയത് ബ്രാഞ്ചിൽ മാത്രമാണ്. സി.പി.എമ്മിൽ നിന്നിട്ട് ഇനി കാര്യമില്ല എന്നു ബോദ്ധ്യപ്പെട്ടാണ് ചുവടുമാറ്റം.
Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരത്ത് നടക്കുന്ന ബി.ജെ.പിയുടെ സംസ്ഥാന സംഘടനാ പർവത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗിന്റെയും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ബിപിൻ ബാബുവിന് അംഗത്വം നൽകിയത്. ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
രണ്ടുവർഷത്തോളമായി സി.പി.എമ്മുമായി അകന്നും പിന്നീട് അടുത്തും കഴിഞ്ഞശേഷമാണ് ബിപിൻ ബാബു പാർട്ടിവിട്ടത്. ഇദ്ദേഹത്തിനെതിരേ പാർട്ടിയംഗം കൂടിയായ ഭാര്യ ഗാർഹികപീഡന പരാതി പാർട്ടിക്കു നൽകിയതോടെയാണു വിവാദങ്ങളിൽപ്പെട്ടത്. ബിപിനും ഭാര്യയും പാർട്ടി കുടുംബങ്ങളിൽ നിന്നുള്ള മിശ്രവിവാഹിതരാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി.ചന്ദ്രബാബുവും ഇടപെട്ടാണ് ഇവരുടെ വിവാഹം നടത്തിയത്.
രണ്ടുവർഷം മുൻപ് വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയിൽ തടഞ്ഞുനിർത്തി. ഗാർഹികപീഡന പരാതി പാർട്ടിക്കു നൽകുകയും ചെയ്തു. ബിപിൻ ബാബു മർദ്ദിച്ചെന്നു പറഞ്ഞ് ഭാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു പൊലീസ് കേസെടുത്തു. ഭാര്യയെ ഒഴിവാക്കാൻ ബിപിൻ ആഭിചാരക്രിയ നടത്തിയെന്ന ആരോപണവും ഉയർന്നു. ഇതോടെ കുടുംബപ്രശ്‌നം പാർട്ടിവിഷയമായി. ആരോപണം അന്വേഷിച്ച പാർട്ടി 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു. കായംകുളം ഏരിയാ കമ്മിറ്റിയംഗമായിരുന്നു അപ്പോൾ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിയും വന്നു.
വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്ന നേതാവാണ് ബിപിൻ. പിന്നീട് വിഭാഗീയതയുടെ ഭാഗമായി പാർട്ടിയുമായി അകൽച്ചയിലായി. കായംകുളം കരീലക്കുളങ്ങര കളീയ്ക്കൽ സത്യന്റെ കൊലപാതകം പാർട്ടി ആലോചിച്ചു നടത്തിയതാണെന്നു ബിപിൻ സംസ്ഥാന സെക്രട്ടറിക്കു നൽകിയ കത്തിൽ പറഞ്ഞത് വിവാദമായി. ഈ കേസിൽ പ്രതിയായ ശേഷം ബിപിൻ വിട്ടയയ്ക്കപ്പെട്ടതാണ്. എന്നാൽ സത്യൻ വധക്കേസിൽ ബിപിനെ പ്രതിയാക്കിയതു പാർട്ടിയല്ലെന്നും സത്യന്റെ മൊഴി പ്രകാരമാണെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. കൊലപാതകത്തിന്റെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തേണ്ടെന്ന താക്കീതും ബിപിന് അന്നു നൽകി.
ബിപിനെതിരായ അച്ചടക്ക നടപടിയുടെ കാലാവധി കഴിഞ്ഞപ്പോൾ പാർട്ടി തിരിച്ചെടുത്തത് ബ്രാഞ്ച് അംഗമായി മാത്രമാണ്. ഇതിൽ ബിപിൻ അസ്വസ്ഥനായിരുന്നു. ബിപിന്റെ അമ്മ കെ.എൽ.പ്രസന്നകുമാരിയും സി.പി.എം. ഏരിയാ കമ്മിറ്റി അംഗമണ്. ഇവർ നേരത്തേ ബി.ഡി.ജെ.എസ്. നേതാക്കളുമായി ചർച്ച നടത്തിയത് വിവാദമായി. ഇതിനിടെയാണ് ബിപിൻ ബി.ജെ.പിയിൽ ചേക്കേറുന്നത്.
പാർട്ടി വിടുകയാണെന്നു പറഞ്ഞ് ബിപിനും പ്രസന്നകുമാരിയും പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തു തന്നെ പാർട്ടിക്കു കത്തുനല്കിയിരുന്നു. ബിപിൻ നാമനിർദ്ദേശ പത്രിക വാങ്ങി സി.പി.എമ്മിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. എന്നാൽ, മന്ത്രി സജി ചെറിയാൻ വീട്ടിലെത്തി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതോടെ രണ്ടുപേരും പാർട്ടി പരിപാടികളിൽ സജീവമായി. ബിപിൻ പാർട്ടിവിടുമെന്ന് സി.പി.എം. പ്രതീക്ഷിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് അതുണ്ടാകരുതെന്ന് അവർ ആഗ്രഹിച്ചതാണ് അനുനയിപ്പിക്കാൻ കാരണം. പിന്നീട് അമ്മയും മകനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും ഫലം വന്നപ്പോൾ ഇവരുടെ മേഖലയായ പത്തിയൂരിൽ പാർട്ടി ബഹുദൂരം പിന്നിലായി. ബി.ജെ.പിയുമായി ഒത്തുകളിച്ചെന്ന ആക്ഷേപം അന്നു തന്നെ ഇരുവർക്കുമെതിരെ ഉണ്ടായിരുന്നു. ആ രഹസ്യബാന്ധവം ബിപിൻ ഇപ്പോൾ പരസ്യമാക്കി.