തിരുവനന്തപുരം: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലെന്നു കാട്ടി ഡി.ജി.പി. മടക്കി. പുസ്തകത്തിലെ പ്രധാന ഭാ?ഗങ്ങൾ എങ്ങനെ ചോർന്നു എന്നതിൽ വ്യക്തത വരുത്തണമെന്നാണ് ഡി.ജി.പി. ആവശ്യപ്പെട്ടിരിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഈ റിപ്പോർട്ട് ഡി.ജി.പിക്ക് സമർപ്പിച്ചപ്പോഴാണ് അന്വേഷണത്തിൽ വ്യക്തതയില്ലെന്ന് കണ്ടെത്തിയത്. വ്യക്തതയോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദ്ദേശം. ജയരാജൻ ഉൾപ്പെടെ എല്ലാവരുടെയും മൊഴി വീണ്ടുമെടുക്കണമെന്ന് മനോജ് എബ്രഹാം ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരമാണ് എ.ഡി.ജി.പി. വ്യക്തത തേടിയിരിക്കുന്നത്.
പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ എങ്ങനെ ചോർന്നു എന്നറിഞ്ഞാൽ മാത്രമേ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാൻ കഴിയൂ. പുസ്തകത്തിന്റെ പി.ഡി.എഫ് ചോർന്നത് ഡി.സി.ബുക്‌സിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എങ്ങനെ ചോർന്നു എന്നതിലും ആര് ചോർത്തി എന്നതിലും വ്യക്തതയില്ല. ഇതിനാലാണ് സംഭവം വീണ്ടും അന്വേഷിക്കാൻ എസ്.പിക്ക് നിർദേശം നൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഇ.പി.ജയരാജൻ, രവി.ഡി.സി, പുസ്തകം തയ്യാറാക്കിയ മാധ്യമപ്രവർത്തകൻ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ട്. എന്നാൽ ഇതിലൊന്നും പുസ്തകം എങ്ങനെ ചോർന്നുവെന്ന് വ്യക്തതയില്ല. കൂടാതെ ആരെയെങ്കിലും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം ഇവരാരുടേയും മൊഴിയിലുമില്ല. അതിനാൽ ഈ മൊഴികൾവെച്ച് അവ്യക്തമായ വിലയിരുത്തൽ മാത്രമാണ് എസ്.പി. റിപ്പോർട്ടായി ഡി.ജി.പിക്ക് നൽകിയത്. ഏതെങ്കിലും തരത്തിലുള്ള പുനരന്വേഷണത്തിലേക്കോ തുടർനടപടികളിലേക്കോ ഉള്ള ശുപാർശകളും റിപ്പോർട്ടിലില്ല. അതുകൊണ്ടാണ് റിപ്പോർട്ട് അപൂർണമാണെന്ന വിലയിരുത്തൽ പൊലീസ് തലപ്പത്തുണ്ടായത്.