വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി അറ്റോർണി ജനറൽ നിയമനം പാളി. ഈ തസ്തികയിലേക്ക് ട്രംപ് നിർദ്ദേശിച്ച ഫ്‌ളോറിഡയിൽ നിന്നുള്ള യു.എസ്. കോൺഗ്രസ് അംഗം മാറ്റ് ഗേറ്റ്‌സ് പിന്മാറി. ഇതേത്തുടർന്ന് പമേല ജോ ബോണ്ടിയെന്ന പാം ബോണ്ടിയെ അറ്റോർണി ജനറൽ സ്ഥാനത്തേക്ക് ട്രംപ് പുതിയതായി നാമനിർദ്ദേശം ചെയ്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പാം ബോണ്ടി.
ട്രംപ് തന്റെ വിശ്വസ്തരെ ഉൾപ്പെടുത്തി പുതിയ ക്യാബിനറ്റ് പ്രഖ്യാപിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. എന്നാൽ കാബിനറ്റ് അധികാരത്തിലെത്തും മുമ്പേ തന്നെ വിവാദങ്ങളിലും വിമർശനങ്ങളിലും നിറയുകയാണ്.
ലൈംഗിക അതിക്രമം, ലഹരി മരുന്ന് ഉപയോഗം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന ഗേറ്റ്‌സിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ വന്നതിനെ തുടർന്നാണ് പിന്മാറ്റം. നേരത്തേയുള്ള ആരോപണങ്ങളെപ്പറ്റി യു.എസ്. കോൺഗ്രസിലെ ഹൗസ് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തി വരികയാണ്. ഗേറ്റ്‌സിന്റെ നിയമനത്തിൽ സെനറ്റിലെ റിപ്പബ്ലിക്കൻ സെനറ്റർമാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തിന് സെനറ്റ് അനുമതി നൽകുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുന്നതിനിടെയാണ് ഗേറ്റ്‌സിന്റെ അപ്രതീക്ഷിത പിന്മാറ്റം.
17 വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം, മയക്കുമരുന്ന് ഉപയോഗം, പ്രചാരണ ഫണ്ട് ദുരുപയോഗം തുടങ്ങിയ ഗുരുതരമായ ആരോപണമാണ് ഗേറ്റ്‌സ് നേരിടുന്നത്. 2016ലാണ് ഗെയ്റ്റ്സ് ആദ്യമായി യു.എസ്. ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ ട്രംപ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്തതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് അംഗത്വം രാജിവച്ചു.
പ്രതിരോധ സെക്രട്ടറിയായി ട്രംപ് നാമനിർദേശം ചെയ്തിട്ടുള്ള പീറ്റ് ഹെഗ്‌സെത്തിനെതിരായും ലൈംഗിക പിഡന പരാതി ഉയർന്നിട്ടുണ്ട്. ഫോക്‌സ് ന്യൂസ് അവതാരകനും സൈനിക വിദഗ്ധനുമായ ഹെഗ്‌സെത്ത് തന്നെ ഹോട്ടൽ മുറിയിൽ ലൈംഗികമായി പീഡിപ്പിച്ചു എന്ന കാലിഫോർണിയ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
2011 മുതൽ 2019 വരെ ഫ്‌ളോറിഡയിലെ അറ്റോർണി ജനറൽ ആയിരുന്നയാളാണ് പാം ബോണ്ടി. 2020ൽ ട്രംപ് ആദ്യ തവണ ഇംപീച്‌മെന്റിനു വിധേയനായപ്പോൾ ഇവരാണ് അദ്ദേഹത്തിനു വേണ്ടി മുന്നിൽ നിന്നു വാദിച്ചത്. ട്രംപിനോടു ചേർന്നു നിൽക്കുന്ന അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമവിഭാഗത്തെ നയിക്കുകയാണ് ബോണ്ടി ഇപ്പോൾ.