ചെന്നൈ: തന്റെ സ്വകാര്യ ഫോൺ നമ്പർ സിനിമയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളുടെ പേരിൽ ചെന്നൈ സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി വാഗീശൻ തമിഴ് ചിത്രമായ അമരന്റെ നിർമ്മാതാക്കൾക്കെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. ഒക്ടോബർ 31ന് ചിത്രം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ആരംഭിച്ച അസ്വസ്ഥതകൾ സൃഷ്ടിച്ച മാനസിക സമ്മർദ്ദത്തിനും വിഷമത്തിനും 1.1 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
അമരനിൽ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രം, ശിവകാർത്തികേയൻ അവതരിപ്പിച്ച മേജർ മുകുന്ദിന് നേരെ ഫോൺ നമ്പർ എഴുതിയ ഒരു ചുരുട്ടിയ കടലാസ് എറിയുന്ന രംഗമാണ് പ്രശ്‌നങ്ങൾക്കു കാരണം. കടലാസിലെ നമ്പർ യഥാർത്ഥത്തിൽ തന്റെ സ്വകാര്യ മൊബൈൽ നമ്പറാണെന്നാണ് വാഗീശൻ പറയുന്നു. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാ നിർണായക വ്യക്തിഗത രേഖകളുമായും ഈ നമ്പർ ബന്ധിപ്പിച്ചിരിക്കുന്നു.
സിനിമയിലെ ആ മനോഹര രംഗം വൈകാതെ വാഗീശന്റെ പേടിസ്വപ്നമായി മാറി. അമരൻ പുറത്തിറങ്ങിയതിന് ശേഷം, സായ് പല്ലവിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകളിൽ നിന്ന് ധാരാളം ഫോൺ കോളുകൾ ലഭിക്കാൻ തുടങ്ങി. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിർത്താതെ തുടർന്നു. ദീപാവലി ആഘോഷങ്ങളിൽ വാഗീശൻ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോൾ പോലും ഇത് പ്രശ്‌നമായി.
ഉറങ്ങാനോ പഠിക്കാനോ പ്രാഥമിക കൃത്യങ്ങളിൽ ഏർപ്പെടാനോ പോലും തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് വാഗീശൻ ഹർജിയിൽ പറഞ്ഞു. നിർത്താതെയുള്ള ഫോൺകോളുകളുടെ ശല്യം ദിനചര്യയെ താറുമാറാക്കി. പഠനത്തിലും വ്യക്തിജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായി. തുടക്കത്തിൽ, കോളുകളുടെ കുത്തൊഴുക്കിന്റെ കാരണം വാഗീശന് മനസ്സിലായില്ല. എന്നാൽ, തന്റെ നമ്പർ സിനിമയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞതോടെ കാര്യത്തിന്റെ കിടപ്പ് ബോദ്ധ്യമായി.
നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനു പുറമേ സിനിമയിൽ നിന്ന് തന്റെ ഫോൺ നമ്പർ ഉടൻ നീക്കം ചെയ്യണമെന്നും വാഗീശൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംവിധായകൻ കാർത്തിക് സുബ്ബരാജിനെയും നടൻ ശിവകാർത്തികേയനെയും തന്റെ പോസ്റ്റുകളിൽ ടാഗ് ചെയ്ത് തന്റെ ദുരവസ്ഥ ഉയർത്തിക്കാട്ടാൻ അദ്ദേഹം സമുഹമാധ്യമങ്ങളിലൂടെ ശ്രമിച്ചു. എന്നാൽ, ഇതുവരെ ആരിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് വാഗീശൻ പറയുന്നു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച അമരൻ, ശിവ് അരൂരിന്റെയും രാഹുൽ സിങ്ങിന്റെയും ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേൺ മിലിട്ടറി ഹീറോസ് എന്ന പുസ്തകത്തെ ആധാരമാക്കിയുള്ളതാണ്. ഭീകരവിരുദ്ധ പോരാട്ടത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ കഥയാണ് ഇത് പറയുന്നത്. എന്നാൽ, വാഗീശനെ സംബന്ധിച്ചിടത്തോളം, സിനിമയുടെ ചിത്രീകരണം വിനോദത്തിന്റെ ഉറവിടം എന്നതിലുപരി വ്യക്തിപരമായ പേടിസ്വപ്നമായി മാറിയിരിക്കുന്നു.