29 C
Trivandrum
Monday, January 13, 2025

നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ കലാശിച്ചത് സഹപാഠികളുടെ പീഠനം; മൂന്നു പേർ റിമാൻഡിൽ

പത്തനംതിട്ട: മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്.എം.ഇ. നഴ്‌സിങ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും. സൗഹൃദത്തിൽ വിള്ളലുണ്ടായതോടെ അമ്മുവിനെ നിരന്തരം പീഡിപ്പിച്ചു. ശാരീരിക ഉപദ്രവത്തിനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. 15ന് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് വീണ് ഗുരുതര പരുക്കേറ്റ അമ്മു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

അമ്മുവിന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി.അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈൽ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു.

പ്രതികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതായെന്നും അത് അമ്മു സജീവ് എടുത്തെന്നു ആരോപിച്ചായിരുന്നു ക്ലാസിലെ പ്രധാന തർക്കം. ആ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ ചോദ്യം ചെയ്യലും ആവശ്യമാണ്. പ്രതികൾക്ക് ജാമ്യം നൽകിയാൽ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെടും. പ്രോസിക്യൂഷന്റെ ഈ ആവശ്യങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ലെന്നും പ്രതികളായ പെൺകുട്ടികളുടെ പ്രായം പരിഗണിക്കണം എന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ഇനി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

സുഹൃത്തുക്കൾക്കിടയിലെ ചെറിയ പ്രശ്‌നങ്ങൾ തർക്കങ്ങളിലൂടെ വലുതാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലാബിൽ ഉപയോഗിക്കുന്ന ലോഗ് ബുക്ക് നവംബർ ആദ്യ ആഴ്ച നഷ്ടമായതാണ് തർക്കം രൂക്ഷമാക്കിയത്. അമ്മു ഈ ബുക്ക് എടുത്തെന്നായിരുന്നു മൂന്ന് സുഹൃത്തുക്കളുടെയും ആരോപണം. ബുക്ക് നഷ്ടപ്പെട്ട കുട്ടി പരാതി നൽകിയില്ല. അധ്യാപിക വഴി ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ രക്ഷിതാക്കളുടെ യോഗം വിളിച്ചു. നവംബർ 13നായിരുന്നു യോഗം. അമ്മുവിന്റെ അച്ഛന് വരാൻ അസൗകര്യം ഉള്ളതിനാൽ 18ലേക്ക് യോഗം മാറ്റി. എന്നാൽ നവംബർ 15ന് അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണു.

ലോഗ് ബുക്കിനുവേണ്ടി സഹപാഠികൾ അമ്മുവിന്റെ മുറിയിൽ പരിശോധന നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. മുറിയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടു. കള്ളി എന്നു വിളിച്ച് കളിയാക്കിയതായും ആരോപണമുണ്ട്. സുഹൃത്തുക്കളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിന്റെ വീട്ടുകാർ കോളജിന് പരാതി നൽകിയിരുന്നു. 18ലെ യോഗത്തിനു മുൻപ് ലോഗ് ബുക്ക് കിട്ടിയില്ലെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാമെന്ന നിലപാടിലായിരുന്നു അമ്മുവിന്റെ വീട്ടുകാർ. എന്നാൽ അതിനു മുൻപ് അമ്മു ലോകത്തോട് യാത്ര പറഞ്ഞു.

ടൂർ കോ ഓർഡിനേറ്ററായി അമ്മുവിനെ തീരുമാനിച്ചതിലും മൂന്ന് സുഹൃത്തുക്കൾക്കും എതിർപ്പുണ്ടായിരുന്നു. ക്ലാസ് ടീച്ചറാണ് ടൂർ കോ ഓർഡിനേറ്ററായി അമ്മുവിന്റെ പേര് പറഞ്ഞത്. ഇക്കാര്യം പറഞ്ഞ സമയത്ത് ക്ലാസിൽ എതിർപ്പുണ്ടായിരുന്നില്ല. പിന്നീട് മൂന്നു സുഹൃത്തുക്കൾ അതിനെതിരെ ക്ലാസിൽ സംസാരിച്ചതായി പൊലീസിനു വിവരം ലഭിച്ചു. കോളജ് വളപ്പിൽവച്ച് ഈ മൂന്നുപേർ അമ്മുവിനെ നിരന്തരം പരിഹസിച്ചിരുന്നതായും പൊലീസ് പറയുന്നു.

വിദ്യാർഥികളുടെയും കോളജ് അധികൃതരുടെയും കുടുംബത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലും അമ്മു ചില വിവരങ്ങൾ രേഖപ്പെടുത്തിവച്ചത് തെളിവായി സ്വീകരിച്ചുമാണ് മൂന്നു വിദ്യാർഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks