29 C
Trivandrum
Thursday, February 6, 2025

ആണവായുധ നയം മാറ്റി റഷ്യ, ലോകം ആണവയുദ്ധ ഭീഷണിയില്‍

മോസ്‌കോ: പുതുക്കിയ ആണവ നയരേഖയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ഒപ്പുവെച്ചു. യുക്രൈന്‍ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചനയാണ് അദ്ദേഹം ഇതിലൂടെ നല്കിയിരിക്കുന്നത്. ഇതോടെ മൂന്നാം ലോക മഹായയുദ്ധം എന്ന ഭീഷണി ശക്തമായിട്ടുണ്ട്. യുക്രൈനുമായുള്ള യുദ്ധം 1,000 ദിവസം പിന്നിട്ട പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിര്‍ണായക തീരുമാനം.

Follow the FOURTH PILLAR LIVE channel on WhatsApp 

ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം, ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം ‘സംയുക്ത ആക്രമണ’മായി കണക്കാക്കുമെന്നാണ് റഷ്യയുടെ നിലപാട്. സുപ്രധാനമായ അത്തരം ആക്രമണങ്ങള്‍ക്കെതിരേ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും നയരേഖയില്‍ പറയുന്നു.

യു.എസ്. നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യക്കെതിരെ പ്രയോഗിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയതിനുപിന്നാലെയാണ് പുതിന്‍ നയത്തില്‍ ഒപ്പിട്ടത് .ആണവശേഷി ഉപയോഗിക്കാന്‍ റഷ്യക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നയം യു.എസ്.അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്.

റഷ്യ ആണവായുധ നയം മാറ്റിയതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധസാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ നാറ്റോ അംഗരാജ്യങ്ങള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തിട്ടുമുണ്ട്.

ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭയത്തിനിടയില്‍ സ്വീഡന്‍ തങ്ങളുടെ പൗരന്മാരോട് സുരക്ഷിതരായിരിക്കണമെന്ന് ലഘുലേഖകളില്‍ മുന്നറിയിപ്പ് നല്‍കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത് അഞ്ചാം തവണ മാത്രമാണ് സ്വീഡന്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലഘുലേഖ എല്ലാ സ്വീഡിഷ് കുടുംബങ്ങള്‍ക്കും അയച്ചിട്ടുണ്ട്. യുദ്ധം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്ന ലഘുലേഖകള്‍ നോര്‍വേയും പുറത്തിറക്കി.

ആണവ ആക്രമണം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍, വെള്ളം, മരുന്നുകള്‍ എന്നിവ സംഭരിക്കാന്‍ ഡെന്‍മാര്‍ക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ഫിന്‍ലന്‍ഡും പൗരന്മാര്‍ക്ക് മുന്നറിപ്പ് നല്‍കി.

Recent Articles

Related Articles

Special

Enable Notifications OK No thanks