തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിക്കും. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പരിശോധിക്കും. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മുനമ്പം പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
Follow the FOURTH PILLAR LIVE channel on WhatsApp
മുനമ്പത്ത് പ്രദേശവാസികളുടേയും വഖഫിന്റേയും എല്ലാവശങ്ങളും പരിഗണിച്ച് ശാശ്വതമായ പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നതതല യോഗത്തിന് ശേഷം വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അര്‍ഹതയുള്ള, കൈവശാവകാശമുള്ള ആരേയും ഒഴിപ്പിക്കില്ല. നികുതി അടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമസഹായം നല്‍കും. വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കുന്ന നടപടി നിര്‍ത്തിവെയ്ക്കണമെന്ന് നിര്‍ദേശിച്ചു. ഇതിനോടനുബന്ധിച്ച് നല്‍കിയ നോട്ടീസിലും തുടര്‍നടപടി ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
‘കൈവശാവകാശക്കാരുടെ നിയമപരമായ അവകാശം സംരക്ഷിക്കാനുള്ള ശാശ്വതമായ പരിഹാരം എന്ന നിലയ്ക്കാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെയാണ് കമ്മീഷനായി കൊണ്ടുവരിക. ഇതിനിടയില്‍ ഒരു തുടര്‍നടപടിയുമുണ്ടാവില്ല. ആരെയും ഇറക്കിവിടില്ല. പുതിയ നോട്ടീസുകള്‍ നല്‍കില്ല. കൊടുത്ത നോട്ടീസില്‍ മറ്റ് നടപടികളുണ്ടാവില്ല. ഗവര്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ വഖഫ് ബോര്‍ഡ് അംഗീകരിച്ചു’ -മന്ത്രി വ്യക്തമാക്കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഏകദേശം ഒന്‍പത് കേസുകള്‍ ഹൈക്കോടതിയില്‍ നടക്കുകയാണ്. ഇത്തരത്തില്‍ ഒരുപാട് സങ്കീര്‍ണതകളുണ്ട്. സര്‍ക്കാരിന് ഒറ്റയടിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ശാശ്വതമായി പരിഹാരത്തിനാണ് ശ്രമിക്കുന്നത്. പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് തരാന്‍ കമ്മീഷനോട് ആവശ്യപ്പെടും. കരം അടയ്ക്കാന്‍ ഭൂവുടമകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ റിട്ട് പെറ്റീഷന്‍ നല്‍കും. സര്‍ക്കാര്‍ നികുതി അടക്കാന്‍ അനുമതി നല്‍കിയപ്പോള്‍ കോടതി അത് തടഞ്ഞു. അതിനാല്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത പരിഹാരത്തിനാണ് ശ്രമിക്കുന്നത്’. പുതിയ തീരുമാനങ്ങള്‍ മുഖ്യമന്ത്രി തന്നെ സമരക്കാരെ അറിയിക്കുമെന്നും രാജീവ് വ്യക്തമാക്കി.
അതേ സമയം ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള നീക്കത്തില്‍ നിരാശയെന്ന് സമരസമിതി പ്രതികരിച്ചു. സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.
സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ദാനമായി നല്‍കിയ 404 ഏക്കര്‍ ഭൂമിയുടെ പേരിലാണ് മുനമ്പത്തെ തര്‍ക്കം. ഭൂമി വഖഫ് സ്വത്തായി 2019ല്‍ വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ ആവശ്യത്തിനു നല്‍കിയ ഭൂമി അതിനായി ഉപയോഗിച്ചില്ലെന്നും അതിനാല്‍ വഖഫിന്റെ വസ്തുവല്ലെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. താമസിക്കുന്ന ഭൂമി വില കൊടുത്തു വാങ്ങിയതാണെന്നും നികുതി അടച്ചിരുന്നുവെന്നും അവര്‍ പറയുന്നു.
റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സമരം ആരംഭിച്ചിരുന്നു. സമരം 43 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കം.