Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് നിർമ്മിക്കുന്ന റോപ് വേ യാഥാർത്ഥ്യമാവുന്നു. പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള ഉത്തരവായി. ഇതോടെ റോപ് വേ നിർമ്മിക്കാനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്. ബി.ഒ.ടി. വ്യവസ്ഥയിൽ 250 കോടി ചെലവിൽ നിർമിക്കുന്ന റോപ് വേക്ക് ഈ തീർഥാടന കാലത്തു തന്നെ തറക്കല്ലിടും.
ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ് റവന്യൂ മന്ത്രി കെ.രാജൻ വനം മന്ത്രി എ.കെ.ശശീന്ദ്രന് കൈമാറി. ദേവസ്വം മന്ത്രി വി.എൻ.വാസവന്റെയും കൃഷി മന്ത്രി പി.പ്രസാദിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയാണ് വനം വകുപ്പിന് കൈമാറിയത്.
അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും അത്യാഹിതത്തിൽ പെടുന്നവരെ നീക്കുന്നതിനുമാണ് പ്രധാനമായും റോപ് വേ നിർമിക്കുന്നത്. 2.7 കിലോമീറ്ററാണ് നീളം. ഇതിലൂടെ 10 മിനിറ്റിൽ പമ്പയിൽ നിന്ന് സന്നിധാനത്തെത്താം. പുതുക്കിയ രൂപരേഖയിൽ തൂണുകളുടെ എണ്ണം ഏഴിൽനിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300ൽനിന്ന് 80 ആയും കുറഞ്ഞിട്ടുണ്ട്.
മൂന്നു വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയുള്ള നടപടി ശബരിമലയിലെ തീർത്ഥാടന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഉപകാരപ്പെടുമെന്നും ശബരിമലയിലേക്കുള്ള ചരക്ക് ഗതാഗതവും തീർത്ഥാടകരുടെ യാത്രാസൗകര്യവും സുഗമമാകുമെന്നും മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. വകുപ്പുകളുടെ വേഗത്തിലുള്ള ഇടപെടൽ ഭൂമി കൈമാറ്റ നടപടികൾ വേഗത്തിലാക്കിയെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഭൂമി കൈമാറ്റം നടപടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ജീവനക്കാരെ റവന്യൂ മന്ത്രി അഭിനന്ദിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സംബന്ധിച്ചു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.






















