കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പൊലീസ് വിലക്കി. വരണാധികാരിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, മാധ്യമവിലക്കിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി.പി.ദിവ്യ രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന കെ.കെ.രത്നകുമാരിയെയാണ് പകരം പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫിന് 17 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ അംഗബലം ഏഴു മാത്രം. അതിനാല്‍ രത്നകുമാരി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.
ബാലറ്റ് വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ജില്ലാ കലക്ടര്‍ തന്നെയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.