തിരുവനന്തപുരം: ശോഭന – മോഹൻലാൽ ജോഡി ഒന്നിക്കുന്ന ചിത്രത്തിനായുള്ള മലയാളികളുടെ കാത്തിരിപ്പിന് വിരാമമാവുന്നു. രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തുടരും’ എന്നു പേരിട്ടു.
Follow the FOURTH PILLAR LIVE channel on WhatsApp
മോഹൻലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതക്കു പുറമെ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവർ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം.
ശക്തമായ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും. ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.
കെ.ആര്‍.സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം -ഷാജികുമാര്‍, ചിത്രസംയോജനം -നിഷാദ് യൂസഫ്, ഷഫീഖ്, സംഗീതം -ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈന്‍-വിഷ്ണു ഗോവിന്ദ്, കലാ സംവിധാനം -ഗോകുല്‍ ദാസ്, ചമയം -പട്ടണം റഷീദ്, വസ്ത്രാലങ്കാരം -സമീരാ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഡിക്‌സണ്‍ പോടുത്താസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -അവന്തിക രഞ്ജിത്.
100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി. വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.