പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിന്റെ നോമിനിയെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള അമര്‍ഷം തുറന്നുപറഞ്ഞ് രണ്ട് നേതാക്കള്‍കൂടി കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്. കോണ്‍ഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറി ജി.ശശി, പിരായിരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗവും ശശിയുടെ ഭാര്യയുമായ സിത്താര എന്നിവരാണ് രാജിവ്ച്ചത്. ഇവര്‍ എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ.പി.സരിന് പിന്തുണയും പ്രഖ്യാപിച്ചു.
കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രേഖാമൂലം പരാതി നല്‍കിയിട്ടും പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്ന് ശശിയും സിത്താരയും പറഞ്ഞു. റോഡ് ഉള്‍പ്പെടെയുള്ള വികസനകാര്യങ്ങള്‍ നിരന്തരം ഉന്നയിച്ചിട്ടും ഷാഫി അവഗണിച്ചു.
ജനങ്ങളുടെ ആവശ്യങ്ങളോടെല്ലാം മുഖംതിരിച്ചു. അവരുടെകൂടെ നില്‍ക്കുന്നവരെമാത്രം സംരക്ഷിക്കുകയാണ്. 30 വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ബൂത്ത് പ്രസിഡന്റായിരുന്നു. പാര്‍ട്ടിക്കുവേണ്ടി നന്നായി കഷ്ടപ്പെട്ടു. അവഗണന ഇനി തുടരാന്‍ കഴിയില്ല. പാര്‍ട്ടിയുടെ തെറ്റായ പോക്കില്‍ വേദനിക്കുന്ന ഒരുപാടു പേര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. പലരും അതൃപ്തി അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗമായി തുടരുമെന്ന് സിത്താരയും വ്യക്തമാക്കി.
അതേസമയം, ഇരുവരെയും പിന്തിരിപ്പിക്കാന്‍ വി.കെ.ശ്രീകണ്ഠന്‍ എം.പിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നടത്തിയ അനുനയനീക്കം ഫലിച്ചില്ല.