പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ.പി.സരിന് ചിഹ്നമായി സ്റ്റെതസ്‌കോപ്പ് അനുവദിച്ചു. ഇവിടെ കോണ്‍ഗ്രസിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കൈപ്പത്തി ചിഹ്നത്തിലും ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ താമര ചിഹ്നത്തിലും മത്സരിക്കും.
കോണ്‍ഗ്രസ് വിട്ടുവന്ന ഡോ.പി.സരിനെ സി.പി.എം. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരത്തിനിറക്കിയത്. ഡോക്ടറും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ സരിന്‍ ഓട്ടോറിക്ഷ ചിഹ്നത്തിനാണ് പ്രഥമ പരിഗണന നല്‍കിയത്. എന്നാല്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ മൂന്ന് പേര്‍ക്കുമായി നറുക്കെടുപ്പ് നടത്തി. ഇതിലൂടെയാണ് സരിന് സ്റ്റെതസ്‌കോപ്പ് ചിഹ്നമായി കിട്ടിയത്.
അന്തിമ പട്ടികയായപ്പോള്‍ 10 സ്ഥാനാര്‍ത്ഥികളാണ് പാലക്കാട്ടുള്ളത്. ആര്‍.രാഹുല്‍ എന്ന് പേരില്‍ രണ്ടു സ്ഥാനാര്‍ത്ഥികളുണ്ട്. സി.പി.എമ്മിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന കെ.ബിനുമോള്‍ നേരത്തേ പിന്‍വലിച്ചിരുന്നു.
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. എല്‍.ഡി.എഫിന് വേണ്ടി സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ. യു.ആര്‍.പ്രദീപും യു.ഡി.എഫിന് വേണ്ടി മുന്‍ ആലത്തൂര്‍ എം.പി. രമ്യ ഹരിദാസും മത്സരിക്കുന്ന ഇവിടെ ബി.ജെ.പിയുടെ ബാലകൃഷ്ണനും മത്സര രംഗത്തുണ്ട്. പി.വി.അന്‍വറിന്റെ ഡി.എം.കെയ്ക്ക് വേണ്ടി എന്‍.കെ.സുധീര്‍ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. സുധീറിന് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ചു.
ലോക്‌സഭയിലേക്കു മത്സരം നടക്കുന്ന വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫിന് വേണ്ടി സി.പി.ഐ. നേതാവ് സത്യന്‍ മൊകേരിയും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്.