തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. കോണ്‍ഗ്രസ്സിലെ അഡ്വ.സി.കെ.ഷാജിമോഹന്‍ പ്രസിഡന്റായ ഭരണസമിതിയെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കു പകരം സി.പി.എം. അംഗങ്ങളുള്‍പ്പെട്ട താല്‍ക്കാലിക ഭരണസമിതി ചുമതലയേറ്റു.
നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡിലെ സി.പി.എം. അംഗങ്ങളായ മാവേലിക്കരയില്‍ നിന്നുള്ള ജി.ഹരിശങ്കര്‍, പീരുമേടില്‍ നിന്നുള്ള തിലകന്‍, തളിപ്പറമ്പനില്‍ നിന്നുള്ള കരുണാകരന്‍ എന്നിവര്‍ ഉച്ചയ്ക്ക് 2.15ഓടെ തിരുവനന്തപുരത്തെ ബാങ്ക് ആസ്ഥാനത്ത് എത്തുകയും ഭരണസമിതിയായി ചുമതലയേല്ക്കുകയും ചെയ്തു. ഹരിശങ്കറാണ് താല്‍ക്കാലിക ഭരണസമിതിയുടെ കണ്‍വീനര്‍. ഇവര്‍ പുതിയ മിനുട്‌സ് ബുക്ക് തുറക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് നിലവിലുള്ള പ്രസിഡന്റിനോ ഓഫീസിനോ അറിയിപ്പൊന്നും നല്കിയില്ല.
നിലവിലുള്ള ഭരണസമിതിയെ മറികടന്ന് പുതിയ സംവിധാനം നിലവില്‍ വന്നത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പ്രസിഡന്റ് ഷാജിമോഹന്‍ പറഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവ് വല്ലതുമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് നല്കണമെന്നാവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കത്തുനല്കിയതായും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച ചേര്‍ന്ന ബാങ്കിന്റെ പൊതുയോഗം അലങ്കോലമായതിനെത്തുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. രാവിലെ യോഗം ആരംഭിച്ചപ്പോള്‍ ചില ബാങ്ക് പ്രതിനിധികള്‍ പല വിധത്തിലുള്ള തടസ്സവാദവുമായി എഴുന്നേറ്റു. ഇതേത്തുടര്‍ന്ന് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഒരു കാര്യവും പരിഗണിക്കാനായില്ല. ബജറ്റ് പാസാക്കാന്‍ അനുവദിക്കാതെ ഇടതുപക്ഷം ബഹളം വെച്ചത് ഭരണസമിതിയെ പിരിച്ചുവിടാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ഷാജിമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്നത്.
വരുന്ന സാമ്പത്തികവര്‍ഷം 3,500 കോടി രൂപയുടെ കാര്‍ഷികവായ്പ വിതരണം ചെയ്യുന്നതിന് ബാങ്ക് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പൊതുയോഗത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ നടപ്പാക്കാനായില്ല. ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്ന വായ്പയുടെ ഭൂരിഭാഗത്തിന്റെയും പലിശ 10 ശതമാനത്തില്‍ താഴെയാണ് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകള്‍ എഴുത്തിത്തള്ളാന്‍ തീരുമാനിച്ചതിനും പൊതുയോഗത്തിന്റെ അംഗീകാരം നേടാനായില്ല. 1,05,66,128 രൂപയുടെ വായ്പ എഴുത്തിത്തള്ളാനുള്ള നടപടികള്‍ ഇതോടെ സ്തംഭിച്ചു.