ഝാർഖണ്ഡിൽ മാവോവാദികളുടെ കൂട്ടക്കീഴടങ്ങൽ; ബാക്കിയുള്ള പൊളിറ്റ് ബ്യൂറോ അംഗത്തിനായി കനത്ത തിരച്ചിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

റാഞ്ചി: ഝാർഖണ്ഡിൽ 27 മാവോവാദികൾ പൊലീസിന് മുന്നിൽ ഒരേസമയം കീഴടങ്ങി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കീഴടങ്ങലാണ് ഇതെന്ന് പൊലീസ് പറയുന്നു. നിരോധിത സംഘടനയിലെ മുതിർന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ മിസിർ ബെസ്രയുടെ സംഘത്തിലുള്ളവരാണ് കീഴടങ്ങിയത്. ഒളിവിൽ കഴിയുന്ന മിസിർ ബെസ്രയെ കണ്ടെത്താനുള്ള തിരച്ചിൽ സുരക്ഷാസേന ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സർക്കാരിൻ്റെ പുനരധിവാസ നയങ്ങളിൽ ആകൃഷ്ടരായും ഉൾപ്പാർട്ടി ചൂഷണങ്ങളിൽ മനംമടുത്തുമാണ് ഇവർ മുഖ്യധാരയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. കീഴടങ്ങിയവരിൽ മുതിർന്ന കമാൻഡർമാരും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് വൻതോതിൽ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ച് മാവോവാദി സ്വാധീനം പൂർണമായും ഇല്ലാതാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിൻ്റെ മാവോയിസ്റ്റ് കീഴടങ്ങൽ-പുനരധിവാസ നയത്തിൻ്റെ ഭാഗമായി ആരംഭിച്ച ‘ഓപ്പറേഷൻ നവജീവൻ’ പ്രകാരമാണ് കീഴടങ്ങൽ നടന്നത്. ബെസ്രയുമായി ബന്ധമുള്ള 25ലധികം മാവോവാദികൾ വ്യാഴാഴ്ച കീഴടങ്ങുമെന്ന് ഐജി (ഓപ്പറേഷൻസ്) നരേന്ദ്ര കുമാർ സിങ് നേരത്തേ അറിയിച്ചിരുന്നു. കീഴടങ്ങിയവരിൽ മിസിർ ബെസ്ര (സാഗർ ജി), കോൾഹാൻ-സാരന്ദ മേഖലകളിൽ സജീവമായ അസിം മണ്ഡൽ എന്നിവരുടെ സംഘത്തിലെ ഉന്നത കമാൻഡർമാരും അംഗങ്ങളും ഉൾപ്പെടുന്നു.

ഇതിൽ 6 സ്‌പെഷ്യൽ സോണൽ കമ്മിറ്റി അംഗങ്ങളും 6 ഏരിയ കമ്മിറ്റി അംഗങ്ങളും നിരോധിത സി.പി.ഐ. (മാവോയിസ്റ്റ്) സംഘടനയിലെ 13 സ്‌ക്വാഡ് അംഗങ്ങളും ഉൾപ്പെടുന്നു. കൂടാതെ, ഗുംല ജില്ലയിൽ പ്രവർത്തിക്കുന്ന മാവോവാദി ഗ്രൂപ്പായ ഝാർഖണ്ഡ് ജൻ മുക്തി പരിഷത്തിലെ 2 അംഗങ്ങളും കീഴടങ്ങിയിട്ടുണ്ട്. 17 ആയുധങ്ങളും മൂവായിരത്തോളം തിരകളുമായാണ് ഇവർ കീഴടങ്ങിയത്.

കോൾഹാൻ, സാരന്ദ വനമേഖലകളെക്കുറിച്ച് കൃത്യമായ അറിവുള്ള ഇവർ പശ്ചിമ സിങ്ങ്ഭുമിലും പരിസര ജില്ലകളിലും സജീവമായിരുന്നു. സംസ്ഥാന പൊലീസ്, സി.ആർ.പി.എഫിൻ്റെ കോബ്ര ബറ്റാലിയനുകൾ, ഝാർഖണ്ഡ് ജാഗ്വാർ സേന എന്നിവ സംയുക്തമായാണ് മാവോവാദി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. പൊലീസ് കണക്കുകൾ പ്രകാരം, 2026ൽ ഇതുവരെ 44 മാവോവാദികൾ അറസ്റ്റിലാവുകയും 29 പേർ കീഴടങ്ങുകയും 22 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Recent Articles

Related Articles

Special