‘പൂച്ച പെറ്റു കിടക്കുന്ന ഖജനാവിൽ’ യു.ഡി.എഫ്. ഗ്യാരൻ്റികൾ നടപ്പാക്കാനുള്ള പണമുണ്ടെന്ന് ബാലഗോപാല്‍

Follow the FOURTH PILLAR LIVE channel on WhatsApp 

കൊല്ലം: യു.ഡി.എഫിൻ്റെ 5 ഗാരൻ്റികളും നടപ്പാക്കാനുള്ള സാമ്പത്തികശേഷി കേരളത്തിൻ്റെ ഖജനാവിനുണ്ടെന്നു ബോധ്യപ്പെട്ടതിനാലാണ് സ്ത്രീകളുടെ സൗജന്യയാത്രയും ആശ വർക്കർമാരുടെ ശമ്പളവർധനയും മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കൊട്ടാരക്കരയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂച്ചപെറ്റുകിടക്കുന്നെന്ന്‌ ആക്ഷേപിച്ച ഖജനാവിൽ പണമുള്ളതുകൊണ്ടാണ് ഗാരൻ്റികൾ നടപ്പാക്കാൻ കഴിയുന്നത്. 6000 കോടി രൂപ ബാക്കിവെച്ചിട്ടാണ് ഇറങ്ങിയത്. 16ാം ധനകാര്യ കമ്മിഷനിൽ ഈ വർഷം സംസ്ഥാനത്തിന് 10000 കോടി രൂപ അധികം ലഭിക്കും. സംസ്ഥാനത്തിൻ്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന എ.കെ.ആൻ്റണിയുടെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയാണ്.

ധനസ്ഥിതിയെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ളതിനാലാണ് ആൻ്റണിയുടെ ഉപദേശം മറികടന്നും ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ ഗാരൻ്റികൾ നടപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറായത്. സത്യസന്ധമായ കണക്കുകളോടെ ധവളപത്രം പുറത്തിറക്കുന്നത് നല്ലതാണ്. കേരളത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ച് കൃത്യമായി അറിയാൻ സാധിക്കും.

കേരളത്തിൻ്റെ ഖജനാവ് പാപ്പരല്ലെന്നു തെളിയിക്കുന്നതാണ് പുതിയ സർക്കാരിൻ്റെ പെൻഷൻ പ്രഖ്യാപനം. കെ-റെയിൽ പദ്ധതി റദ്ദാക്കിയാലും ഇല്ലെങ്കിലും വേഗത്തിൽ യാത്രചെയ്യാനുള്ള സംവിധാനമുണ്ടാകണം. രാഷ്ട്രീയമായ കാരണത്താൽ മഞ്ഞക്കുറ്റികൾ നീക്കാതെ ബദൽ മാർഗങ്ങൾ തേടണം. കേന്ദ്ര സർക്കാർ സാമ്പത്തികമായി സംസ്ഥാനത്തെ അവഗണിച്ചപ്പോൾ പ്രതിഷേധിക്കാൻ കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും പിന്തുണ ലഭിച്ചില്ല. ഈ സമീപനമാകില്ല എൽ.ഡി.എഫിൻ്റേത്. ആത്മാർഥവും ക്രിയാത്മകവുമായ പിന്തുണയുണ്ടാകും.

വിമർശിക്കാൻ പാടില്ലെന്ന അസഹിഷ്ണുത പാടില്ല. മുൻപും ഇടതുമുന്നണി 40ലേക്ക്‌ ഒതുങ്ങിയ കാലമുണ്ടായിട്ടുണ്ട്. സ്വയംവിമർശനത്തോടെ പ്രവർത്തനത്തിൽ വലിയ മാറ്റം വരുത്തി മുന്നോട്ടുപോകും. ഇടതുപക്ഷം വേണ്ടെന്ന വർഗീയരാഷ്ട്രീയം ശക്തിപ്പെടുന്നത് അപകടമാണ്. കഴിഞ്ഞ 10 വർഷവും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യാത്തവരാണ് കേരളത്തിലുണ്ടായിരുന്നതെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Recent Articles

Related Articles

Special