Follow the FOURTH PILLAR LIVE channel on WhatsApp
മനോജ് കെ.ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി. റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’ എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ സിനിമാ അരങ്ങേറ്റം. ശ്രീനാഥ് ഭാസിയാണ് നായകൻ.
കരുനാഗപ്പള്ളിക്കടുത്ത് ചവറ തെക്കുംഭാഗം സെന്റ് ജോസഫ് പള്ളിയങ്കണത്തിലായിരുന്നു ചിത്രത്തിന്റെ തുടക്കം. ഉർവശിയുടെ നാട്ടിൽത്തന്നെ മകൾ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായി. അച്ഛൻ മനോജ് കെ.ജയനൊപ്പമാണ് തേജാലക്ഷ്മി ലൊക്കേഷനിലെത്തിയത്.
അഭിനേതാക്കൾ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സെന്റ് ജോസഫ് പള്ളി വികാരി ഫാ.ജോർജ് സെബാസ്റ്റ്യൻ ദീപം തെളിച്ചു. തുടർന്ന് ചിത്രീകരണം ആരംഭിച്ചു. ശ്രീനാഥ് ഭാസിക്കൊപ്പം പത്മരാജ് രതീഷ്, സുധീർ കരമന, സുനിൽ സുഖദ, വിദ്യ വിശ്വനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്., മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇടത്തരം പട്ടണത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളും നർമവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.
ടി.എ.റസാഖിന്റെ തിരക്കഥയിൽ ഒരുക്കിയ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിലൂടെയാണ് റെജി പ്രഭാകരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നിരവധി അംഗീകാരങ്ങൾ നേടിയ ആ ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയതമൻ’. ഗൗരവമുള്ള വിഷയമായിരുന്നു ‘സുഖമായിരിക്കട്ടെ’ കൈകാര്യം ചെയ്തതെങ്കിൽ, നർമത്തിന് പ്രാധാന്യം നൽകുന്ന കുടുംബകഥയാണ് ‘പ്രിയതമൻ’ പറയുന്നത്.
ആഴമുള്ള ആത്മബന്ധമുള്ള അമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് എം.ബി.എ. ബിരുദധാരിയായ ഒരു പെൺകുട്ടി കടന്നുവരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി വിശ്വാസ് എന്ന കഥാപാത്രത്തെയും തേജാലക്ഷ്മി പ്രിയ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
ശാന്തി കൃഷ്ണ, ഇർഷാദ്, മീരാ നായർ, പി.പി.കുഞ്ഞിക്കൃഷ്ണൻ, മഞ്ജു പത്രോസ്, ദിനേശ് പണിക്കർ, കുടശ്ശനാട് കനകം, സൂര്യദാസ്, രാമമംഗലപ്പള്ളി, അഭിലാഷ്, കൈഫ്, സുബിൻ, സിനു സൈനുദ്ദീൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
നിരവധി ഹാസ്യ കുടുംബചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സനു ഭാസ്കറിന്റേതാണ് കഥ. റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത് എന്നിവർ ഗാനങ്ങൾ രചിക്കുന്നു. രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ എന്നിവർ സംഗീതസംവിധാനം നിർവഹിക്കുന്നു. പശ്ചാത്തലസംഗീതവും റോണി റാഫേലിന്റേതാണ്.
പ്രദീപ് നായർ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് ചിത്രസംയോജനവും നിർവഹിക്കുന്നു. കലാസംവിധാനം അർക്കൻ എസ്.കർമ, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ. ഹാരിസൺ കോ-ഡയറക്ടറും സുഭാഷ് ഇളമ്പൽ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ശരത് അസോസിയേറ്റ് ഡയറക്ടറാണ്. അനീഷ് കാട്ടിക്കോ, രാജേഷ് ആർ. റിസ്വാൻ എന്നിവർ സഹസംവിധായകരാണ്.
ആരോമൽ ആർ. കാസ്റ്റിങ് ഡയറക്ടറും പ്രേംലാൽ പട്ടാഴി നിശ്ചലഛായാഗ്രാഹകനുമാണ്. രാജേഷ് തങ്കപ്പൻ, സഫി ആയൂർ എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളാണ്. ഹരി വെഞ്ഞാറമൂടാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.
കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വാഗമണ്ണിലുമായാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടക്കുക.
























