സണ്ണിയെ വെട്ടിയത് കെ.സി.; വി.ഡിക്ക് വന്ന ഖാർഗെ ഫോൺ കോളിൽ അവസാന നിമിഷം റവന്യൂ നഷ്ടം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ആദ്യം തീരുമാനിക്കപ്പെട്ട റവന്യൂവിൽ നിന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ വൈദ്യുതി വകുപ്പിലേക്ക് കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫിന് മാറേണ്ടി വന്നത് കെ.സി.വേണുഗോപാലിൻ്റെ അതൃപ്തി നിമിത്തം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചുവെങ്കിലും ഒടുവിൽ അത് നഷ്ടമാക്കിയത് തനിക്കെതിരായി സണ്ണി നീങ്ങിയതുകൊണ്ടാണെന്ന കെ.സിയുടെ തിരിച്ചറിവാണ് ഈ മാറ്റത്തിനു കാരണം.

ഇരിക്കൂറിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ കെ.സി. ജയിക്കാൻ സാധ്യത കുറവാണെന്ന തരത്തിൽ റിപ്പോർട്ട് സണ്ണി ജോസഫ് നല്കിയതാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണായകമായതെന്നാണ് സൂചന. ഡൽഹിൽ നടന്ന ചർച്ചയ്ക്കിടെ എ.ഐ.സി.സി. പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെ പ്രത്യേകമായി കെ.പി.സി.സി. പ്രസിഡൻ്റിനെ ബന്ധപ്പെട്ടിരുന്നു. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ മത്സരിക്കാൻ പരിഗണിച്ച ഇരിക്കൂർ മണ്ഡലത്തിലെ വിജയസാധ്യതയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഇരിക്കൂറിൽ വിജയസാധ്യത കുറയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് സണ്ണി റിപ്പോർട്ട് നൽകി.

സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ വേണുഗോപാൽ ഈ റിപ്പോർട്ട് പിന്നീട് കണ്ടു. ഇതാണ് വകുപ്പ് മാറ്റത്തിന് കാരണമായത്. കെ.പി.സി.സി. പ്രസിഡൻ്റിന് പ്രധാനപ്പെട്ട വകുപ്പ് നൽകാതെ വർക്കിങ് പ്രസിഡൻ്റുമാരായ എ.പി.അനിൽ കുമാറിന് റവന്യൂ വകുപ്പും വിഷ്ണുനാഥിന് ടൂറിസം-സാംസ്കാരിക വകുപ്പും നൽകിയത് കോൺഗ്രസിൽ ചർച്ചയായിട്ടുണ്ട്.

മന്ത്രിമാരെ നിശ്ചയിച്ചശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ അടക്കമുള്ള നേതാക്കൾ കൂടിയാലോചന നടത്തിയാണ് വകുപ്പുകൾ തീരുമാനിച്ചത്. സണ്ണിക്ക് റവന്യൂ വകുപ്പ് നീക്കിവെച്ചുകൊണ്ടുള്ള പട്ടിക എ.ഐ.സി.സി. അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഗവർണർക്ക് പട്ടിക കൈമാറാൻ മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ ഡൽഹിയിൽനിന്ന് ഖാർഗെയുടെ ഫോൺസന്ദേശം മുഖ്യമന്ത്രിയെ തേടിയെത്തി. സണ്ണിയിൽനിന്ന് റവന്യൂ വകുപ്പ് മാറ്റി എ.പി.അനിൽകുമാറിന് നല്കണമെന്നും പകരം വൈദ്യുതി വകുപ്പ് സണ്ണിക്ക് നല്കിയാൽ മതിയെന്നുമായിരുന്നു നിർദേശം.

സണ്ണി ജോസഫിന് റവന്യൂ നൽകണമെന്ന് സതീശന് ആഗ്രഹമുണ്ടായിരുന്നു. ഖാർഗെയുടെ ഫോൺവിളി എത്തിയതോടെ മറിച്ചൊന്നും പറയാൻ സാധിക്കാതെ അദ്ദേഹം നിസ്സഹായനായി.

Recent Articles

Related Articles

Special