നിറപുഞ്ചിരിയോടെ സുധാകരൻ്റെ തോളിൽ തട്ടി പിണറായി, പിണറായിക്കു കൈകൊടുത്ത് ഗോവിന്ദൻ, ജാതിവാൽ വിടാതെ സതീശൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 16ാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ കൗതുകകരമായ പല കാഴ്ചകളും സമ്മാനിച്ചു. നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ 140 എം.എൽ.എമാരുടെയും സത്യപ്രതിജ്ഞ പൂർത്തിയായി. പല കാരണങ്ങൾ കൊണ്ടും പിണറായി വിജയനായിരുന്നു സത്യപ്രതിജ്ഞയിലെ താരം.

കഴിഞ്ഞ 10 വർഷം സര്‍ക്കാരിൻ്റെ തലവൻ എന്ന നിലയില്‍ ട്രഷറി ബെഞ്ചിലായിരുന്ന പിണറായിയുടെ ഇരിപ്പിടം പ്രതിപക്ഷ നേതാവെന്ന നിലയിൽ മറുഭാഗത്തേക്കു മാറി. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സി.പി.എമ്മിനോടു തെറ്റിപ്പിരിഞ്ഞ ജി.സുധാകരൻ പ്രോടേം സ്പീക്കറായിരിക്കുമ്പോൾ പിണറായി അദ്ദേഹത്തിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാവുമോ എന്നു സംബന്ധിച്ച് വലിയ ചര്‍ച്ചകൾ നടന്നിരുന്നു. എന്നാൽ തീര്‍ത്തും സൗഹാര്‍ദപരമായ രീതിയിലാണ് സുധാകരനോട് പിണറായി പെരുമാറിയത്.

ധർമ്മടത്തു നിന്നുള്ള അംഗമായി സഗൗരവ സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി.സുധാകരന് കൈകൊടുത്ത ശേഷം നിറപുഞ്ചിരിയോടെ തോളിൽ തട്ടുകയും ചെയ്തു. സഭയിൽ 133ാമത് അംഗമായാണ് പിണറായി സത്യപ്രജ്ഞ ചെയ്തത്. സുധാകരനും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു ചെന്ന് തിരിച്ച് പിണറായിയെ അഭിവാദ്യം ചെയ്തു.

തളിപ്പറമ്പിൽനിന്നുള്ള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ടി.കെ.ഗോവിന്ദനായിരുന്നു മറ്റൊരു ശ്രദ്ധാകേന്ദ്രം. സത്യപ്രതിജ്ഞ ചെയ്യാനുള്ള ഊഴമെത്തിയതിന് പിന്നാലെ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗമായ ഗോവിന്ദൻ നടുത്തളത്തിലെത്തി. യു.ഡി.എഫ്. അംഗങ്ങൾ കൈയടിച്ച് വരവേറ്റു. എന്നാൽ, അദ്ദേഹം നേരെപോയത് പിണറായി വിജയൻ ഇരിക്കുന്ന ഭാഗത്തേക്കാണ്. പിണറായിയുടെ അടുത്തെത്തിയ ഗോവിന്ദൻ അദ്ദേഹത്തിന് കൈ കൊടുത്തു. അതിന് ശേഷമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

സി.പി.എം. വിട്ട് പയ്യന്നൂരിൽ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച വി.കുഞ്ഞികൃഷ്ണനും സത്യപ്രതിജ്ഞയ്ക്കു ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്തു. സഗൗരവത്തിലാണ് കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വിവാദമായ ജാതിവാൽ പറവൂർ എം.എൽ.എ. ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും വി.ഡി.സതീശൻ കൈവിട്ടില്ല. ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ’ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ നടത്തിയത്. പിതാവിൻ്റെ പേരിനൊപ്പമുള്ള മേനോൻ എന്നത് സത്യവാചകത്തിനൊപ്പം പറഞ്ഞതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. നേരത്തേ പലതവണ എം.എൽ.എ. ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴും അദ്ദേഹം ഇത് ഉപയോഗിച്ചിരുന്നില്ല. ഇക്കുറി എം.എൽ.എ. ആയി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലും പിതാവിൻ്റെ പേരായ ‘ദാമോദര മേനോൻ’ അദ്ദേഹം ആവർത്തിച്ചു. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്ഞ ചെയ്തത്.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. കളമശ്ശേരി എം.എൽ.എയും ഫിഷറീസ് മന്ത്രിയുമായ വി.ഇ.അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വട്ടിയൂർക്കാവിൽ നിന്നുള്ള ആരോഗ്യ-ദേവസ്വം മന്ത്രി കെ.മുരളീധരൻ, കോഴിക്കോട് സൗത്തിലെ ഫൈസൽ ബാബു, മൂവാറ്റുപുഴയിലെ മാത്യു കുഴൽനാടൻ തുടങ്ങിയവരെല്ലാം ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി. മുരളീധരൻ മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയതും ഇംഗ്ലീഷിലായിരുന്നു. മഞ്ചേശ്വരത്തിൻ്റെ പ്രതിനിധി എ.കെ.എം.അഷ്റഫ് കന്നഡ ഭാഷയിലാണ് സത്യവാചകം ചൊല്ലിയത്.

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. പുതുപ്പള്ളിക്കാരൻ ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത് സൈക്കിളിലാണ്. തൻ്റെ ടീ ഷർട്ടിൽ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രവും അദ്ദേഹം ആലേഖനം ചെയ്തിരുന്നു.

 

 

Recent Articles

Related Articles

Special