പിടിവലിയിൽ വകുപ്പുകൾ മാറി, ലത്തീൻ സഭയെ തള്ളി ഫിഷറീസ് ലീഗിന്; ഒടുവിൽ വിജ്ഞാപനം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം ഒടുവിൽ പൂർത്തിയായി. സത്യപ്രതിജ്ഞ കഴിയുന്നതിന്റെ അന്നു വൈകുന്നേരം തന്നെ മന്ത്രിമാരുടെ വകുപ്പുകൾ വിജ്ഞാപനം ചെയ്യുകയാണ് പതിവെങ്കിലും ഇക്കുറി അതുണ്ടായില്ല. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്കു ശേഷം 2 ദിവസം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് മന്ത്രിമാർക്ക് അനുവദിച്ചിട്ടുള്ള വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വന്നത്.

കോൺഗ്രസിലെ കെ.സി.വേണുഗോപാൽ പക്ഷം പ്രധാന വകുപ്പുകൾക്കായി പിടിമുറുക്കിയപ്പോൾ തുടക്കത്തിൽ കേട്ടതിൽനിന്ന് വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പുവിഭജനത്തിൽ നടന്നു. കെ.പി.സി.സി. അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. കെ.സി. പക്ഷത്തെ പ്രധാനിയായ എ.പി. അനിൽകുമാറിനാണ് ഇപ്പോൾ റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്. എക്‌സൈസ്, സഹകരണ വകുപ്പുകളാണ് എം.ലിജുവിന് ലഭിച്ചിട്ടുള്ളത്.

ഫിഷറീസിനെ ചൊല്ലിയായിരുന്നു മറ്റൊരു പ്രധാന തർക്കം. ഈ വകുപ്പ് മുസ്ലിം ലീഗിനു കൊടുക്കുന്നതിനെതിരെ ലത്തീൻ സഭ കടുത്ത വിയോജിപ്പ് തുറന്നു പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സഭയുടെ എതിർപ്പ് അവഗണിച്ച് ഫിഷറീസ് ലീഗിനു തന്നെ നല്കി. വി.ഇ.അബ്ദുൽ ഗഫൂറാണ് ഫിഷറീസ് മന്ത്രി. സാമൂഹികനീതി വകുപ്പു കൂടി അദ്ദേഹത്തിനു നല്കിയിട്ടുണ്ട്.

പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.സതീശന്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുൻനിശ്ചയപ്രകാരം രമേശ് ചെന്നിത്തലയ്ക്കു തന്നെ ലഭിച്ചു. നേരത്തേ അനിൽകുമാറിനെന്നു പറഞ്ഞുകേട്ടിരുന്ന ദേവസ്വം കൂടി മുരളീധരന്റെ പക്കലെത്തി. ആരോഗ്യ വകുപ്പിന് പുറമെയാണിത്.

മന്ത്രിമാരും വകുപ്പുകളും

    1. വി.ഡി.സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
    2. പി.കെ.കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
    3. രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
    4. സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
    5. കെ.മുരളീധരൻ- ആരോഗ്യം, ദേവസ്വം
    6. മോൻസ് ജോസഫ്- ജലവിഭവം
    7. ഷിബു ബേബി ജോൺ- വനം
    8. അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്
    9. സി.പി.ജോൺ- ഗതാഗതം
    10. എ.പി.അനിൽകുമാർ- റവന്യൂ
    11. എൻ.ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
    12. പി.സി.വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
    13. റോജി എം.ജോൺ- ഉന്നതവിദ്യാഭ്യാസം
    14. ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാ-ശിശുക്ഷേമം
    15. എം.ലിജു- എക്‌സൈസ്, സഹകരണം
    16. കെ.എം.ഷാജി- തദ്ദേശ സ്വയംഭരണം
    17. പി.കെ.ബഷീർ-പൊതുമരാമത്ത്
    18. വി.ഇ.അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
    19. ടി.സിദ്ദിഖ്- കൃഷി
    20. കെ.എ.തുളസി- പിന്നോക്കക്ഷേമം
    21. ഒ.ജെ.ജനീഷ്- യുവജനക്ഷേമം, കായികം, പുരാവസ്തു

COMMENT

Recent Articles

Related Articles

Special