അണ്ണാ ഡി.എം.കെ. പിളർന്നു; വിജയ് സർക്കാരിനെ പിന്തുണച്ച് വിമത വിഭാഗം

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ. പിളർന്നു. ഭരണകക്ഷിയായ ടി.വി.കെയെ പിന്തുണയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പിളർപ്പിൽ കലാശിച്ചത്. വിമത വിഭാഗം ടി.വി.കെ. സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളായ സി.വി.ഷൺമുഖം, എസ്.പി.വേലുമണി എന്നിവരാണ് വിമത വിഭാഗത്തിന് നേതൃത്വം നൽകുന്നത്. വിമത വിഭാഗം എസ്.പി.വേലുമണിയെ നിയമസഭാ കക്ഷി നേതാവായും, ജി.ഹരിയെ ഉപനേതാവായും തിരഞ്ഞെടുത്തു.

അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി ഡി.എം.കെ. പിന്തുണയോടെ സർക്കാരുണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്ന ഗുരുതര ആരോപണം ഷൺമുഖം ഉന്നയിച്ചു. ‘ഡി.എം.കെയെ തോൽപ്പിക്കാൻ വേണ്ടി മാത്രം ജനിച്ച പാർട്ടിയാണ് അണ്ണാ ഡി.എം.കെ. ആ ഡി.എം.കെയുടെ പിന്തുണ സ്വീകരിക്കാൻ എടപ്പാടി ശ്രമിച്ചു; ഞങ്ങൾ അതിനെ ശക്തമായി എതിർത്തു’ – അദ്ദേഹം പറഞ്ഞു. അണ്ണാ ഡി.എം.കെ. ഉടൻ ജനറൽ കൗൺസിൽ യോഗം വിളിച്ചുകൂട്ടണമെന്ന ആവശ്യവും ഷൺമുഖം ഉയിച്ചു. പാർട്ടിയെ പിളർത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അണ്ണാ ഡി.എം.കെ. ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ ടി.വി.കെയെ പിന്തുണയ്ക്കുമെന്നും ഇവർ അറിയിച്ചു.

നിലവിൽ ഔദ്യോഗിക സഖ്യങ്ങളില്ലാത്ത പാർട്ടിക്ക് പുതിയ രാഷ്ട്രീയ ദിശ ആവശ്യമാണെന്നാണ് ഷൺമുഖം വിഭാഗം പറയുന്നത്. സമീപകാലത്തുണ്ടായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ മുൻനിർത്തി പാർട്ടിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് വേലുമണി പറഞ്ഞു.

Recent Articles

Related Articles

Special