Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തർക്കം തുടരുമ്പോൾ മുൻ കെ.പി.സി.സി. അധ്യക്ഷന്മാരെ ഡൽഹിയിലേക്ക് ക്ഷണിച്ച് ഹൈക്കമാൻഡ്. കെ.സുധാകരൻ, കെ.മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസ്സൻ, വി.എം.സുധീരൻ എന്നിവരെയാണ് ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിതുടരുമ്പോൾ തന്നെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തിനായും വടംവലി ശക്തമായിട്ടുണ്ട്. അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൊടിക്കുന്നിൽ ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവിലെ അധ്യക്ഷൻ മന്ത്രിസഭയിലേക്ക് മാറുകയാണെങ്കിൽ പദവി ഒഴിവു വരുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കളുടെ നീക്കം.
മുഖ്യമന്ത്രിയാവണമെന്ന ആവശ്യത്തിൽ കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി.സതീശനും ഉറച്ചുനിന്നതോടെ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ ചർച്ച വഴിമുട്ടി അവസാനിക്കുകയായിരുന്നു. ഇതോടെയാണ് കേരളത്തിലെ മുതിർന്ന നേതാക്കളെ നേതൃത്വം വിളിച്ചുവരുത്തിയത്.
ഭൂരിഭാഗം എം.എൽ.എമാരുടെയും കെ.പി.സി.സി. പ്രസിഡൻ്റ്, വർക്കിങ് പ്രസിഡൻ്റുമാർ തുടങ്ങി നേതാക്കളുടെയും പിന്തുണ തനിക്കാണെന്ന് വേണുഗോപാൽ അവകാശപ്പെട്ടു. പണവും ദേശീയ നേതൃപദവിയും ദുരുപയോഗിച്ച് എം.എൽ.എമാരെ വേണുഗോപാൽ വിലയ്‌ക്കെടുത്തതാണെന്ന് സതീശൻ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം തനിക്കൊപ്പമാണ്. ഘടകകക്ഷികളുടെ അഭിപ്രായംകൂടി മാനിക്കണം. മുഖ്യമന്ത്രിയാക്കുന്നില്ലെങ്കിൽ മന്ത്രിയാകാനില്ലെന്നും സതീശൻ കടുപ്പിച്ചു.
മറ്റുള്ളവർക്ക് ഇനിയും അവസരങ്ങളുണ്ടെന്നും സീനിയോറിറ്റി പരിഗണിച്ച് ഉമ്മൻ ചാണ്ടിക്കായി മുഖ്യമന്ത്രിസ്ഥാനം ത്യജിച്ചവനാണ് താനെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അല്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ചെന്നിത്തലയും എടുത്തു.
എം.എൽ.എമാരുടെ പിന്തുണയാണ് മുഖ്യമായും പരിഗണിക്കേണ്ടതെന്നായിരുന്നു സണ്ണി ജോസഫിൻ്റെ നിലപാട്. ഭൂരിഭാഗം എം.എൽ.എമാരും കെ.പി.സി.സി. പ്രസിഡൻ്റ് അടക്കമുള്ള നേതാക്കൾ പിന്തുണയ്ക്കുന്നുവെന്നതും വേണുഗോപാലിന് അനുകൂല ഘടകങ്ങളാണ്.
കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനത്തിനായി ഷാഫി പറമ്പിൽ, ബെന്നി ബഹന്നാൻ, റോജി എം.ജോൺ തുടങ്ങിയവരെല്ലാം രംഗത്തുണ്ട്. ഇവരുടെ നിരയിലേക്കാണ് കൊടിക്കുന്നിൽ സുരേഷും ചേർന്നിരിക്കുന്നത്. ആര് കെ.പി.സി.സി. പ്രസിഡൻ്റ് ആകണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയും മറ്റ് സമുദായ സമവാക്യങ്ങളും നേതാക്കളുടെ പ്രവർത്തന ക്ഷമതയും ഒക്കെ പരിശോധിച്ചായിരിക്കും അധ്യക്ഷനെ തീരുമാനിക്കുകയെന്നും കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിച്ചതിനും മന്ത്രിസഭാ രൂപവത്കരണത്തിനും ശേഷമായിരിക്കും കെ.പി.സി.സി. അധ്യക്ഷൻ്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുക. എന്നാൽ ഭരണം ലഭിച്ചതോടെ നേതൃസ്ഥാനങ്ങൾക്കായുള്ള തമ്മിലടി കോൺഗ്രസിൽ ആരംഭിച്ചത് ഹൈക്കമാൻഡിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

























