മുംബൈ: ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗം നാലിരട്ടി കണ്ട് ഉയര്‍ത്താന്‍ പ്രാപ്തിയുള്ള നാലു സമുദ്രാന്തര കേബിളുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. ഇന്ത്യയുടെ മൂന്ന് സമുദ്രാന്തര കേബിള്‍ പദ്ധതികള്‍ 2024 ഒക്ടോബറിനും 2025 മാര്‍ച്ചിനുമിടയില്‍ പ്രവര്‍ത്തനക്ഷമമാകും. 2 ആഫ്രിക്ക പേള്‍സ്, ഇന്ത്യ ഏഷ്യ എക്സ്പ്രെസ് (ഐ.എ.എക്‌സ്.), ഇന്ത്യ യൂറോപ്പ് എക്സ്പ്രസ് (ഐ.ഇ.എക്‌സ്.) എന്നിവയാണ് ഉദ്ഘാടനത്തിനു സജ്ജമായിരിക്കുന്ന സമുദ്രാന്തര കേബിള്‍ ശൃംഖലകള്‍.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്രാന്തര കേബിള്‍ സംവിധാനമായിരിക്കും 2 ആഫ്രിക്ക പേള്‍സ് കേബിള്‍ സംവിധാനം. 45,000 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഈ കേബിള്‍ വഴി സെക്കന്റില്‍ 180 ടെറാബൈറ്റ് ഡാറ്റ കൈമാറാന്‍ സാധിക്കും. 33 രാജ്യങ്ങളെയാണ് ഇത് ബന്ധിപ്പിക്കുന്നത്. ഭാരതി എയര്‍ടെലിന്റെ മുംബൈയിലുള്ള ലാന്‍ഡിങ് സ്റ്റേഷനാണ് അതിലൊന്ന്.
സമുദ്രത്തിനടിയിലൂടെ വന്‍കരകളെ ബന്ധിപ്പിക്കുന്ന ശക്തിയേറിയ ഒപ്ടിക്കല്‍ കേബിളുകളാണ് സമുദ്രാന്തര കേബിളുകള്‍. ആഗോള തലത്തില്‍ അതിവേഗ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതിന് വേണ്ടിയാണിവ ഉപയോഗിക്കുന്നത്.
പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ അതിവേഗ കണക്ടിവിറ്റിയും ആഗോള തലത്തിലുള്ള മെച്ചപ്പെട്ട ഡാറ്റാ കൈമാറ്റവും ഇന്ത്യയില്‍ സാധ്യമാവും. രാജ്യത്തെ ഐ.ടി. -ഡിജിറ്റല്‍ മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിന് ഇത് വഴിവെയ്ക്കും. ഭാരതി എയര്‍ടെല്‍, മെറ്റ, സൗദി ടെലികോം എന്നിവയുള്‍പ്പടെ വിവിധ കമ്പനികളുടെ നിക്ഷേപത്തിലാണ് പദ്ധതി.