മോസ്‌കോ: 20,000,000,000,000,000,000,000,000,000,000,000 -20 ഡെസില്യണ്‍ എന്നാല്‍ രണ്ടിനു ശേഷം 34 പൂജ്യങ്ങള്‍! ഇന്റര്‍നെറ്റിലെ വമ്പന്മാരായ ഗൂഗിളിനെ റഷ്യ പഠിപ്പിച്ച പുതിയ കണക്കുപാഠമാണ് ഈ സംഖ്യ. ഗൂഗിളിന് റഷ്യ ചുമത്തിയ പിഴയാണ് 20 ഡെസില്യണ്‍ ഡോളര്‍.
Follow the FOURTH PILLAR LIVE channel on WhatsApp
ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും ഈ തുക കണ്ടെത്താനാവില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ലോക സമ്പത്തിന്റെയും എത്രയോ മടങ്ങാണ് ഈ തുക. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്ന ഈ തുക പലരും കേള്‍ക്കുന്നത് പോലും ആദ്യമായാണ്.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂ ടൂബിനെതിരെയാണ് റഷ്യ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാലനലുകള്‍ യൂ ട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവില്‍ ഈ ചാനലുകള്‍ യൂ ട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില്‍ ഓരോ ദിവസവും പിഴ ഇരട്ടിയാവുമെന്നും കോടതി വിധിയിലുണ്ട്.
അതേസമയം, കോടതിയുടെ ഉത്തരവ് ഒരു പ്രതീകാത്മക നടപടിയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. ഈ വിഷയം ഗൂഗിള്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും ഞങ്ങളുടെ ചാനലുകളെ വിലക്കുന്നത് നിര്‍ത്തണമെന്നും പെസ്‌കോവ് വ്യക്തമാക്കി. തനിക്ക് ഈ തുക പറയാന്‍ കഴിയുന്നില്ലെന്നും പെസ്‌കോവ് പറഞ്ഞു.
നേരത്തെയും റഷ്യ ഗൂഗിളിന് പിഴ ചുമത്തിയിട്ടുണ്ട്. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട നിരോധിത ഉള്ളടക്കങ്ങള്‍ തടയുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് 2022 ജൂലൈയില്‍ റഷ്യ ഗൂഗിളിന് 21.1 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പിഴയും റഷ്യ ചുമത്തിയിരിക്കുന്നത്. റഷ്യക്ക് പുറമെ മറ്റനേകം രാജ്യങ്ങളിലും ഗൂഗിളിനെതിരേ കേസുകള്‍ നിലവിലുണ്ട്.
2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആല്‍ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി. റഷ്യ ഇപ്പോള്‍ ചുമത്തിയ പിഴയെക്കുറിച്ച് പ്രതികരിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.