29 C
Trivandrum
Tuesday, March 25, 2025

എക്‌സില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; 1.15 ലക്ഷം പേര്‍ എക്സ് വിട്ടു, കൂട്ടത്തില്‍ ഗാര്‍ഡിയനും

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനുപിന്നാലെ സാമൂഹികമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. 1.15 ലക്ഷത്തിലേറെ യു.എസ്. ഉപയോക്താക്കള്‍ എക്സ് ഉപേക്ഷിച്ചു. വെബ്സൈറ്റില്‍ക്കയറി അക്കൗണ്ടുപേക്ഷിച്ചവരുടെ കണക്കാണിത്. മൊബൈല്‍ ഉപയോക്താക്കളുടെ കണക്കെടുത്തിട്ടില്ലെന്ന് ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ സിമിലര്‍ വെബ്ബിനെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ടുചെയ്തു.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ ഇനി പോസ്റ്റ് ചെയ്യില്ലെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ് വിഷലിപ്തമായതായും അതിന്റെ ഉടമയായ മസ്‌ക് തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചതായും ആരോപിച്ചാണ് ഗാര്‍ഡിയന്റെ തീരുമാനം.

ട്രംപിന്റെ മുഖ്യപ്രചാരകരില്‍ ഒരാളും അദ്ദേഹം പുതുതായി ആരംഭിച്ച കാര്യക്ഷമതാവകുപ്പിന്റെ സഹനേതാവുമാണ് മസ്‌ക്. മസ്‌ക് ട്രംപിന്റെ പ്രചാരണത്തില്‍ സജീവമായതോടെയാണ് എക്സ് വിടുന്ന പ്രവണത കൂടിയത്.

എക്സ് കൊണ്ടുള്ള ഉപയോഗം ഗുണത്തേക്കാള്‍ ഏറെ ദോഷകരമാണെന്നാണ് ഗാര്‍ഡിയന്റെ വിലയിരുത്തല്‍. തങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഉപയോക്താക്കള്‍ക്ക് ഇപ്പോഴും വാര്‍ത്തകളും ലേഖനങ്ങളും അവിടെ പങ്കിടാന്‍ കഴിയുമെന്ന് ഗാര്‍ഡിയന്‍ അറിയിച്ചു. ലോക സംഭവങ്ങളുടെ കവറേജില്‍ എക്സ പോസ്റ്റുകള്‍ ഉള്‍പ്പെടുത്തുന്നത് തുടരുമെന്നും ഗാര്‍ഡിയന്‍ പറഞ്ഞു. ന്യൂസ് ശേഖരിക്കുന്നതിന് റിപ്പോര്‍ട്ടര്‍മാര്‍ക്ക് എക്സ് ഉപയോഗിക്കാം.

‘വംശീയതയുമുള്‍പ്പെടെ തീവ്ര വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ എക്സ് പ്ലാറ്റ്‌ഫോം പ്രമോട്ട് ചെയ്യുന്നത് കണക്കിലെടുത്ത് ഞങ്ങള്‍ കുറച്ചുകാലമായി പരിഗണിക്കുന്ന കാര്യമാണിത്’ -ഗാര്‍ഡിയന്‍ കൂട്ടിച്ചേര്‍ത്തു. ദ ഗാര്‍ഡിയന് എക്സില്‍ പിന്തുടരുന്നത് 10.7 ദശലക്ഷത്തോളം പേരാണ്.

എക്‌സ് വിടുന്ന ഉപയോക്താക്കള്‍ ബ്ലൂസ്‌കൈ പോലുള്ള സമാനമാധ്യമങ്ങളിലേക്കാണ് ചേക്കേറുന്നത്. 90 ദിവസത്തിനിടെ ബ്ലൂസ്‌കൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായി. ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബ്ലൂസ്‌കൈക്കു കിട്ടിയത്.

 

Recent Articles

Related Articles

Special

Enable Notifications OK No thanks