Follow the FOURTH PILLAR LIVE channel on WhatsApp
ടെക്സസ്: ചരിത്ര വിജയമായി ബ്ലൂ ഒറിജിൻ്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 ബഹിരാകാശ ദൗത്യം. സ്ത്രീകൾ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. പ്രശസ്ത ഗായിക കാറ്റി പെറി ഉൾപ്പെടെ 6 വനിത യാത്രികരുമായി നടത്തിയ ബഹിരാകാശ ദൗത്യമാണ് വിജയക്കൊടി പാറിച്ചത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി. 10 മിനിറ്റോളം ദൗത്യം നീണ്ടുനിന്നു.
ശതകോടീശ്വരന്‍ ജെഫ് ബെസോസിൻ്റെ നേതൃത്വത്തിലുള്ള എയ്റോസ്പേസ് കമ്പനിയാണ് ബ്ലൂ ഒറിജിൻ. കാറ്റി പെറിയെ കൂടാതെ സി.ബി.എസ് അവതാരക ഗെയില്‍ കിങ്, പൗരാവകാശ പ്രവര്‍ത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിര്‍മാതാവ് കരിൻ ഫ്ളിന്‍, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരും ദൗത്യത്തില്‍ പങ്കാളികളാണ്. ജെഫ് ബെസോസിൻ്റെ പ്രതിശ്രുതവധുവും മാധ്യമപ്രവർത്തകയുമായ ലോറന് സാഞ്ചെസാണ് സംഘത്തെ നയിച്ചത്.
ഒന്നിലേറെ അംഗങ്ങൾ പങ്കെടുക്കുന്ന ബഹിരാകാശ ദൗത്യത്തിൽ സംഘാംഗങ്ങൾ എല്ലാവരും വനിതകൾ ആകുന്ന ആദ്യ ദൗത്യം എന്ന പേരിലാകും എൻ.എസ്. 31 ചരിത്രത്തിൽ ഇടം നേടുക. വാലൻ്റീന തെരഷ്കോവയുടെ 1963ലെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകള്‍ മാത്രം പങ്കാളികളാകുന്ന ബഹിരാകാശ ദൗത്യം ഇതാദ്യമാണ്. ടെക്സസിലെ ബ്ലൂ ഒറിജിൻ്റെ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച രാത്രി 7.30ഓടെയായിരുന്നു വിക്ഷേപണം.