29 C
Trivandrum
Sunday, April 20, 2025

സുനിതയ്ക്കും ബുച്ചിനും 45 ദിവസം പുനരധിവാസം

Follow the FOURTH PILLAR LIVE channel on WhatsApp 

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐ.എസ്.എസ്.) 286 ദിവസത്തെ വാസത്തിനുശേഷം ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.27ന് ഭൂമിയിലെത്തിയ നാസയുടെ ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഇനി 45 ദിവസം ഹൂസ്റ്റണിൽ ചെലവഴിക്കും. അവിടത്തെ ജോൺസൺ ബഹിരാകാശകേന്ദ്രത്തിൽ ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാനുള്ള പരിശീലനമാകും ഈ 45 ദിവസം സുനിതയ്ക്കും ബുച്ചിനും സഹയാത്രികരായിരുന്ന 2 പേർക്കും നൽകുക.

സുദീർഘമായ ബഹിരാകാശവാസമേൽപ്പിച്ച ശാരീരികമാറ്റങ്ങളും ആരോഗ്യപ്രശ്നങ്ങളും വിശദമായി പരിശോധിക്കും. ആരോഗ്യം വീണ്ടെടുക്കാനും ഭൂമിയിലെ സാഹചര്യങ്ങളുമായി താദാത്മ്യപ്പെടാനുമുള്ള മാർഗനിർദ്ദേശം 4 പേർക്കും നൽകും.

2024 ജൂൺ 5ന് ബോയിങ്ങിൻ്റെ സ്റ്റാർലൈനർ പേടകത്തിൽ ഐ.എസ്.എസിൽ പോയ സുനിതയും ബുച്ചും സ്‌പെയ്സ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ പേടകത്തിലാണ് ബുധനാഴ്ച ഫ്ലോറിഡയുടെ തീരക്കടലിൽ ഇറങ്ങിയത്. 2024 സെപ്റ്റംബറിൽ ഐ.എസ്.എസിൽ പരീക്ഷണനിരീക്ഷണങ്ങൾക്കായി എത്തിയ നിക്ക് ഹേഗിൻ്റെയും അലക്‌സാൻഡർ ഗൊർബുനോവിൻ്റെയും ഒപ്പമായിരുന്നു ഇരുവരുടെയും മടക്കയാത്ര.

വെള്ളത്തിലിറങ്ങിയ പേടകം വീണ്ടെടുക്കാൻ സ്‌പെയ്സ് എക്‌സിൻ്റെ ബോട്ടുകൾ സജ്ജമായി നിന്നു. വീണ്ടെടുത്ത പേടകത്തിൽനിന്ന് പുറത്തെത്തിച്ച 4 യാത്രികരെയും ഹെലികോപ്റ്ററിൽ ഹൂസ്റ്റണിലെത്തിച്ചു. പേടകത്തിൽനിന്ന് മൂന്നാമതായാണ് സുനിത പുറത്തിറങ്ങിയത്. അവസാനം ബുച്ചും. “എന്തൊരു യാത്രയായിരുന്നു! പേടകത്തിൽ മുഴുവൻ ചിരിയാണ്‌ ഞാൻ കണ്ടത്” എന്ന് ക്രൂ ഡ്രാഗണിൻ്റെ കമാൻഡറായിരുന്ന നിക്ക് ഹേഗ് പറഞ്ഞു. ‘ഫ്രീഡം’ എന്നുപേരിട്ട ഡ്രാഗൺ 17 മണിക്കൂർ യാത്രചെയ്താണ് ഭൂമിയിലെത്തിയത്. ഒരുഘട്ടത്തിൽ മണിക്കൂറിൽ 28,800 കിലോമീറ്ററായിരുന്നു വേഗം.

Recent Articles

Related Articles

Special

Enable Notifications OK No thanks