Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: ഇന്ത്യയിലടക്കം വിവാദക്കൊടുങ്കാറ്റ് സൃഷ്ടിച്ച ഇസ്രായേലി ചാര സോഫ്ട്വെയർ പെഗാസസ് വീണ്ടും വാർത്തയിൽ. പെഗാസസ് ഏറ്റവും അധികം ലക്ഷ്യമിട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരുന്നുവെന്ന കോടതി രേഖകള്‍ പുറത്തുവന്നു. 2019ല്‍ പെഗാസസിൻ്റെ ഇരകളക്കാപ്പെട്ട 1223 പേരില്‍ 100 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. പെഗാസസ് നിർമ്മാതാക്കളായ എൻ.എസ്.ഒ. ഗ്രൂപ്പിനെതിരെ യു.എസ്. കോടതിയില്‍ വാട്‌സാപ്പ് നല്‍കിയ രേഖയിലാണ് രാജ്യം തിരിച്ചുള്ള ഇരകളുടെ എണ്ണം വ്യക്തമാക്കിയത്.
2019 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 51 വ്യത്യസ്ത രാജ്യങ്ങളിലായി 1223 പേരെയാണ് പെഗാസസ് ലക്ഷ്യമിട്ടതെന്ന് വാട്‌സാപ്പ് സമര്‍പ്പിച്ച രേഖ വ്യക്തമാക്കുന്നു. മെക്‌സിക്കോയില്‍ നിന്നുള്ളവരെയാണ് ഏറ്റവും അധികം ലക്ഷ്യമിട്ടത്. 456 പേരാണ് ഇവിടെ ഇരയാക്കപ്പെട്ടത്. രണ്ടാമതുള്ള ഇന്ത്യയില്‍ 100 പേര്‍ പെഗാസസ് ഉപയോഗിച്ചുള്ള രഹസ്യ നിരീക്ഷണത്തിന് വിധേയരായി. ബഹ്‌റൈന്‍ (82), മൊറോക്കോ (69), പാകിസ്താന്‍ (58), ഇന്‍ഡൊനീഷ്യ (54), ഇസ്രായേല്‍ (51), സ്‌പെയ്ന്‍ (21), നെതര്‍ലാന്‍ഡ്‌സ് (11), ഹങ്കറി (8), ഫ്രാന്‍സ് (7), യു.കെ. (2), യു.എസ്. (1) എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.
2021ല്‍ 300ലേറെ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ പെഗാസസ് ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. നരേന്ദ്ര മോദി ഭരണകൂടത്തിലെ 2 മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും വ്യവസായികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതേസമയം തങ്ങളുടെ ഉപഭോക്താക്കളെല്ലാം ഭരണകൂടങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും മാത്രമാണെന്നായിരുന്നു എൻ.എസ്.ഒ. ഗ്രൂപ്പിൻ്റെ പ്രതികരണം. ഇതോടെ പെഗാസസ് ഉപയോഗപ്പെടുത്തിയത് ഭരണകൂടങ്ങളാണെന്ന ആക്ഷേപം ശക്തമായി. ഇന്ത്യന്‍ സര്‍ക്കാരിനെതിരെയും ആക്ഷേപമുയര്‍ന്നു. 2023ലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് എൻ.എസ്.ഒ. ഗ്രൂപ്പിന് പണം മുടക്കിയവരില്‍ ഏറ്റവും മുന്നിലുള്ള മെക്‌സിക്കോ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഭരണകൂടങ്ങള്‍ പെഗാസസ് ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തോളം രാജ്യങ്ങളുടെ ഭരണകൂടങ്ങളുമായുള്ള കരാര്‍ എൻ.എസ്.ഒ. ഗ്രൂപ്പ് റദ്ദാക്കിയിരുന്നുവെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
2019ല്‍ വാട്‌സാപ്പ് വഴി പെഗാസസ് പ്രചരിപ്പിക്കുകയും സാമൂഹികപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 1400 പേരെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ എൻ.എസ്.ഒ. ഗ്രൂപ്പിനെതിരെ മെറ്റ നിയമനടപടി സ്വീകരിച്ചിരുന്നു. കേസില്‍ വാട്‌സാപ്പിൻ്റെ ഉടമസ്ഥാപനമായ മെറ്റയ്ക്ക് അനുകൂലമായാണ് വിധി വന്നത്. എന്നാല്‍ കേസില്‍ മെറ്റയ്ക്ക് എന്ത് നഷ്ടപരിഹാരം നല്‍കണമെന്നതില്‍ കോടതി വിധി വന്നിട്ടില്ല.