Follow the FOURTH PILLAR LIVE channel on WhatsApp
കേരളത്തിൽ ബി.ജെ.പിക്ക് നിയമസഭയിൽ 3 സീറ്റുകൾ മാത്രമേ ഉള്ളൂ. പക്ഷേ അധികാരം സീറ്റുകളുടെ എണ്ണത്തിൽ മാത്രം അളക്കാൻ കഴിയില്ല. ഭരണനടപടികളുടെ ദിശയിൽ നോക്കണം. ആരുടെ ശബ്ദമാണ് സർക്കാർ കേൾക്കുന്നത്, ആരുടെ പ്രതിഷേധമാണ് സർക്കാർ പേടിക്കുന്നത്, ആരുടെ അജണ്ടയാണ് ഫയലുകളിലൂടെ നീങ്ങുന്നത്, ആരെയാണ് കേസ് കൊണ്ട് മിണ്ടാതാക്കുന്നത് — ഈ ചോദ്യങ്ങളിലാണ് ഒരു ഭരണത്തിൻ്റെ രാഷ്ട്രീയ നിറം തെളിയുന്നത്. കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി ഉയർന്ന നീറ്റ് വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസുകൾ. സമാധാനപരമായ പ്രതിഷേധങ്ങളെ ക്രിമിനൽ കേസിൻ്റെ ഭീഷണിയിൽ നിർത്തൽ. തൊഴിലാളിവിരുദ്ധമെന്ന് രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾ വിശേഷിപ്പിച്ച ലേബർ കോഡുകൾ നടപ്പാക്കാനുള്ള നീക്കം. ആർ.എസ്.എസ്. വക്താക്കളുടെ പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെ പ്രതിഷേധിച്ച യുവജന പ്രവർത്തകരെ കേസിലാക്കുന്ന പൊലീസ് നിലപാട്. ഇതെല്ലാം ചേർന്ന് ഒരു രാഷ്ട്രീയ ചിത്രം വരച്ചുകാട്ടുന്നു — അധികാരത്തിൽ യു.ഡി.എഫ്., ആനന്ദത്തിൽ ബി.ജെ.പി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ രാജ്യമെമ്പാടും വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം ഒറ്റ പരീക്ഷയെക്കുറിച്ചല്ലായിരുന്നു. അത് ഒരു തലമുറയുടെ ഭാവിയെക്കുറിച്ചായിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയിലേക്ക് നയിച്ച ആ പ്രക്ഷോഭം, ഇന്ത്യൻ യുവത്വം ഇപ്പോഴും വഴങ്ങാത്തതാണെന്ന് തെളിയിച്ച നിമിഷമായിരുന്നു. അത്തരം ഒരു സമരത്തോട് കേരളം കാണിക്കേണ്ടിയിരുന്നത് ജനാധിപത്യ ഐക്യദാർഢ്യമായിരുന്നു. പക്ഷേ യാഥാർത്ഥ്യം മറിച്ചാണ്. ജന്തർ മന്തർ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ 5000ഓളം പേർക്കെതിരെ കേസെടുത്തു. ഈ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തു നല്കി.
കേന്ദ്രം കേസുകൾ പിൻവലിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സർക്കാർ വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചില്ലെന്നതാണ് ഈ വിഷയത്തിൻ്റെ രാഷ്ട്രീയ മൂർച്ച. പിണറായി വിജയൻ്റെ ആവശ്യം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിലേക്ക് കൈമാറി. അതായത് ഒരു ജനാധിപത്യപരമായ രാഷ്ട്രീയ തീരുമാനം എടുക്കേണ്ടിടത്ത്, ഫയൽ നീക്കുന്ന ഭരണഭാഷയാണ് സർക്കാർ സ്വീകരിച്ചത്. വിശേഷിച്ച് നടപടിയൊന്നും കാണാത്തതിനാൽ സതീശനെതിരെ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെയ്ക്ക് കത്തയച്ചിട്ടിരിക്കുകയാണ് പിണറായി ഇപ്പോൾ. അവിടെയും ഒരു ഫലവുമുണ്ടാവുമെന്നു തോന്നുന്നില്ല.
നീറ്റ് സമരക്കാരെതിരായ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി കേന്ദ്രത്തിനും ഡൽഹി എൻ.സി.ടിക്കും അസം, ബിഹാർ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങൾക്കും നോട്ടീസ് നൽകി. അറസ്റ്റിലായതോ തടവിലാക്കിയതോ ആയ, ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത വിദ്യാർത്ഥികളെ വിട്ടയക്കാനും, പ്രതിഷേധവുമായി ബന്ധപ്പെട്ട സി.സി.ടി.വി., ഡ്രോൺ, ബോഡി ക്യാം ദൃശ്യങ്ങൾ സംരക്ഷിക്കാനും, പ്രതിഷേധക്കാരുടെ വ്യക്തിഗത ഡാറ്റ പൊതുജനമധ്യത്തിലാക്കരുതെന്നും കോടതി ഇടക്കാല നിർദ്ദേശങ്ങൾ നൽകി.
ഇവിടെ കേരളത്തിൻ്റെ പേര് വന്നതാണ് രാഷ്ട്രീയമായി ഞെട്ടിക്കുന്നത്. മോദി സർക്കാരിനെതിരെ വിദ്യാർഥികൾ ഉയർത്തിയ ദേശീയ സമരത്തിൽ, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പം കേരളവും കോടതിയിൽ ഒരേ നിരയിലാണ്. ഒരു പ്രതിപക്ഷ സംസ്ഥാനമെന്ന അവകാശവാദം വഹിക്കുന്ന കേരളം ഏത് പട്ടികയിലായിരിക്കണം എന്നതാണ് ചോദ്യം. വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലോ, വിദ്യാർത്ഥികളെ കേസിലാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലോ? കേന്ദ്രസർക്കാരിൻ്റെ തെറ്റിനെതിരെ ചോദ്യം ചെയ്ത യുവാക്കളെ പിന്തുണയ്ക്കുന്ന കേരളമോ, അതേ യുവാക്കളെ പൊലീസ് കേസിൻ്റെ ഭീതിയിൽ നിർത്തുന്ന കേരളമോ? വ്യത്യാസം അവിടെയാണ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്തതുപോലെ കേരളവും ചെയ്താൽ അതിൻ്റെ രാഷ്ട്രീയ അർത്ഥം കൂടുതൽ ഗുരുതരമാണ്. ബി.ജെ.പിയിൽനിന്ന് ജനാധിപത്യബോധം പ്രതീക്ഷിക്കാത്തവർക്ക് പോലും കേരളത്തിൽനിന്ന് അത് പ്രതീക്ഷിക്കാൻ അവകാശമുണ്ട്. ആ അവകാശത്തെയാണ് ഈ നടപടികൾ മുറിവേല്പിക്കുന്നത്.
നീറ്റ് സമരത്തിൽ പങ്കെടുത്ത കുട്ടികൾ സർക്കാരിനെ മറിച്ചിടാൻ പോയവരല്ല. അവർ ചോദിച്ചത് പഠനത്തിൻ്റെ നീതിയാണ്. പരീക്ഷയുടെ വിശ്വാസ്യതയാണ്. ചോദ്യപേപ്പർ വിൽക്കപ്പെടരുതെന്ന ഉറപ്പാണ്. ആ ആവശ്യം രാജ്യത്തെ ഏത് ജനാധിപത്യ സർക്കാരിനും പിന്തുണയ്ക്കേണ്ടതായിരുന്നു. പക്ഷേ കേരളത്തിൽ സംഭവിച്ചത് വിപരീതമാണ്. സമരത്തിൽ പങ്കെടുത്തവരെ കേസിലാക്കി. 5000 എന്ന സംഖ്യ വെറും അക്കമല്ല. അത് 5000 കുടുംബങ്ങളുടെ ഭയമാണ്. 5000 വിദ്യാർത്ഥികളുടെ ഭാവിയിൽ പതിയുന്ന പൊലീസ് നിഴലാണ്. ഒരു കുട്ടി പ്രതിഷേധത്തിൽ പങ്കെടുത്താൽ നാളെ പാസ്പോർട്ട് വെരിഫിക്കേഷനിൽ പ്രശ്നമുണ്ടാകുമോ, ജോലിക്കുള്ള സർട്ടിഫിക്കറ്റ് പരിശോധനയിൽ കേസ് തടസ്സമാവുമോ, കുടുംബം പൊലീസ് സ്റ്റേഷനിലേക്കു കയറേണ്ടിവരുമോ — ഇത്തരം ഭയങ്ങളാണ് സർക്കാർ കേസിലൂടെ സൃഷ്ടിക്കുന്നത്. ഇതുതന്നെയാണ് അധികാരത്തിൻ്റെ ക്രൂരത. ലാത്തി അടിയേക്കാൾ ചിലപ്പോൾ ഒരു എഫ്.ഐ.ആർ. ദീർഘമായി വേദനിപ്പിക്കും. മുറിവ് ഭേദമാകും. കേസ് പിന്നെയും പിന്തുടരും.
അതേസമയം, കേന്ദ്രത്തിൻ്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കാനുള്ള നീക്കത്തിൻ്റെ നിഴലും കേരളത്തിൽ തെളിയുന്നു. കേന്ദ്രം 29 പഴയ തൊഴിൽനിയമങ്ങളെ 4 ലേബർ കോഡുകളായി ഏകീകരിച്ചു — കോഡ് ഓൺ വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സോഷ്യൽ സെക്യൂരിറ്റി കോഡ്, ഒക്യുപേഷണൽ സേഫ്ഫ്ടി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ്. ഇവ 2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്ര തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ട്രേഡ് യൂണിയനുകൾ ഇതിനെ തൊഴിലാളികളുടെ അവകാശങ്ങൾക്ക് തിരിച്ചടിയെന്ന് വിമർശിച്ചു; തൊഴിലുടമകൾക്ക് തൊഴിലാളികളെ പിരിച്ചുവിടാനും കരാർവത്കരണവും ഫിക്സഡ് ടേം തൊഴിലും വർധിപ്പിക്കാനും വഴിയൊരുക്കുന്ന പരിഷ്കാരമെന്ന ആശങ്കയും ഉയർന്നു.
കേരള ലേബർ കമ്മീഷണറേറ്റിൻ്റെ വെബ്സൈറ്റിൽ ഈ 4 കോഡുകളും അവയുടെ കരട് ചട്ടങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് സംസ്ഥാനതലത്തിൽ ഈ മാറ്റത്തിൻ്റെ ഭരണസജ്ജീകരണം മുന്നോട്ടു പോകുന്നതിൻ്റെ സൂചനയാണ്. നേരത്തേ ഇടതു സർക്കാർ കാലത്ത് തന്നെ കേന്ദ്ര സമ്മർദ്ദത്തെ തുടർന്ന് കരട് വിജ്ഞാപനം തയ്യാറാക്കിയെങ്കിലും കോഡുകൾ നടപ്പാക്കില്ലെന്ന നിലപാട് അന്നത്തെ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതേ കോഡുകൾ ഫയൽഭാഷയിൽ വീണ്ടും ജീവൻ പ്രാപിക്കുന്നുവെങ്കിൽ, തൊഴിലാളി കേരളം അതിനെ സാധാരണ നടപടിക്രമമായി കാണില്ല.
കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം തൊഴിലാളികളുടെ രക്തവും വിയർപ്പും കൊണ്ട് എഴുതിയതാണ്. 8 മണിക്കൂർ ജോലി, മിനിമം വേതനം, സംഘടിക്കാനുള്ള അവകാശം, സമരം ചെയ്യാനുള്ള അവകാശം — ഇതെല്ലാം പുസ്തകത്തിലെ വകുപ്പുകളായി മാത്രം കേരളത്തിൽ വന്നതല്ല. കയ്യൂരിലും പുന്നപ്രയിലും വയലാറിലും പണിയെടുത്തവരുടെ ശരീരത്തിലൂടെ വന്നതാണ്. ആ നാട്ടിലാണ് തൊഴിൽ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്ര കോഡുകൾക്ക് ഭരണവാതിൽ തുറക്കപ്പെടുന്നതെന്ന തോന്നൽ പോലും അപകടകരമാണ്. ഫയലിൽ തുടങ്ങുന്ന തൊഴിലാളിവിരുദ്ധത നാളെ ഫാക്ടറിയിൽ പിരിച്ചുവിടലായും, കടയിൽ അധികസമയ ജോലിയായും, പ്ലാറ്റ്ഫോം തൊഴിലാളിക്ക് സുരക്ഷയില്ലായ്മയായും, കരാർ തൊഴിലാളിക്ക് ശബ്ദമില്ലായ്മയായും മാറും. ബി.ജെ.പിയുടെ തൊഴിലാളിവിരുദ്ധ കോഡുകൾക്ക് വഴിതുറക്കുന്നത് യു.ഡി.എഫ്. സർക്കാരാണെങ്കിൽ, പിന്നെ ഭരണഘടനാപരമായി ബി.ജെ.പി. പ്രതിപക്ഷത്താണെങ്കിലും നയപരമായി അവർ ഭരണകക്ഷിയാണ്.
ഇതിനൊപ്പം ടി.ജി.മോഹൻദാസിനെ ചുറ്റിപ്പറ്റിയുള്ള വിവാദവും നോക്കണം. നീറ്റ് വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് മോഹൻദാസ് നടത്തിയ അത്യന്തം അപമാനകരമായ പരാമർശങ്ങളുടെ പേരിൽ കേരള പൊലീസിൻ്റെ സൈബർ ക്രൈം വിഭാഗം അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള യൂട്യൂബ് പ്രസ്താവനകളിൽ സ്ത്രീകളെ അപമാനിക്കുന്നതും പ്രകോപനപരവുമായ പരാമർശങ്ങൾ ഉണ്ടായതായിരുന്നു കാരണം. അത്തരം പ്രസ്താവനയ്ക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകരെയും കേസിൽ കുടുക്കുന്നത് കൂടുതൽ ഗുരുതരമാണ്. വിദ്വേഷ പ്രസ്താവന നടത്തിയവനെ നിയമം ചോദ്യം ചെയ്യുന്നത് ഒരു കാര്യം. അതിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളെയും നിയമത്തിൻ്റെ പേരിൽ ഭീഷണിപ്പെടുത്തുന്നത് മറ്റൊരു കാര്യം. ഇവിടെ ചോദ്യം നിയമനടപടി ഉണ്ടാകരുതോ എന്നതല്ല. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം. പക്ഷേ വിദ്വേഷപരവും പ്രകോപനപരവുമായ വാക്കുകൾക്കെതിരെ പ്രതിഷേധിക്കുന്നവർക്കു മേൽ കഠിനമായ പൊലീസ് ഭാരം വീഴുകയും, അതേസമയം സംഘപരിവാർ ഭാഷയ്ക്ക് രാഷ്ട്രീയമായ സംരക്ഷണ അന്തരീക്ഷം ലഭിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ സംശയിക്കും. ആ സംശയത്തെ “രാഷ്ട്രീയം” എന്നു പറഞ്ഞ് തള്ളാനാവില്ല. കാരണം പൊലീസ് നടപടികൾക്കും ഒരു രാഷ്ട്രീയമുണ്ട്.
ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാവില്ല. വിദ്യാർഥി സമരക്കാർക്കെതിരെ കേസ്. തൊഴിലാളിവിരുദ്ധ ലേബർ കോഡുകളിലേക്ക് നീക്കം. സംഘപരിവാർ വക്താക്കളെ ചോദ്യം ചെയ്യുന്ന ഇടതു യുവജനപ്രവർത്തകർക്കെതിരെ കേസ് — ഇവ മൂന്നും ഒരേ രാഷ്ട്രീയദിശയിലേക്ക് ചൂണ്ടുന്നു. ബി.ജെ.പി. നേരിട്ട് ഭരിക്കാതെ തന്നെ ബി.ജെ.പിയുടെ ഭരണഭാഷ കേരളത്തിൽ കേൾക്കാൻ തുടങ്ങുന്നു. അതാണ് ഏറ്റവും അപകടകരം.
യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയത് ബി.ജെ.പിയെ എതിർക്കുമെന്ന മുദ്രാവാക്യത്തോടെയാണെങ്കിൽ, ഭരണത്തിൽ കാണേണ്ടത് അതിൻ്റെ തെളിവുകളാണ്. ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പറയുകയും, കേരളത്തിൽ അതേ വിദ്യാർഥി സമരക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്താൽ അത് രാഷ്ട്രീയ കപടതയാണ്. കേന്ദ്രത്തിൻ്റെ ലേബർ കോഡുകൾക്കെതിരെ പ്രസ്താവന ഇറക്കുകയും, സംസ്ഥാനത്ത് അവയുടെ കരട് നടപടികൾ നിശ്ശബ്ദമായി മുന്നോട്ടു നീക്കുകയും ചെയ്താൽ അത് തൊഴിലാളികളോടുള്ള വഞ്ചനയാണ്. സംഘപരിവാർ വിദ്വേഷഭാഷയെ വിമർശിക്കുന്നുവെന്ന് പറയുകയും, അതിനെതിരെ തെരുവിൽ നിൽക്കുന്ന യുവാക്കളെ കേസിൽ കുരുക്കുകയും ചെയ്താൽ അത് പ്രതിപക്ഷ രാഷ്ട്രീയമല്ല; അധികാരസൗകര്യത്തിൻ്റെ രാഷ്ട്രീയം മാത്രമാണ്.
കേരളം ബി.ജെ.പിയെ നിയമസഭയിൽ 3 സീറ്റിലേക്ക് ഒതുക്കിയതുകൊണ്ട് മാത്രം മതിയാകില്ല. ബി.ജെ.പിയുടെ അജണ്ട ഭരണനടപടികളിലൂടെ നടപ്പായാൽ ആ 3 സീറ്റുകൾക്ക് പുറത്തും അവരുടെ രാഷ്ട്രീയത്തിന് ജീവൻ ലഭിക്കും. ഫയലുകളിൽ അവർ ഭരിക്കും. പൊലീസ് സ്റ്റേഷനുകളിൽ അവർ ഭരിക്കും. തൊഴിലാളി നിയമങ്ങളിൽ അവർ ഭരിക്കും. വിദ്യാർഥികളുടെ എഫ്.ഐ.ആറുകളിൽ അവർ ഭരിക്കും. അപ്പോഴാണ് പ്രസക്തമായ ആ ചോദ്യമുയരുന്നത്: കേരളം ബി.ജെ.പി.യെ തോല്പിച്ചോ, അതോ യു.ഡി.എഫ്. ഭരണത്തിലൂടെ ബി.ജെ.പി.ക്ക് മറ്റൊരു വഴിതുറന്നോ?
കേരളത്തിലെ യു.ഡി.എഫ്. സർക്കാരിൻ്റെ ഇപ്പോഴത്തെ നടപടികൾ കോൺഗ്രസിൻ്റെ ദേശീയ രാഷ്ട്രീയത്തിൻ്റെ പഴയ ദൗർബല്യത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നു. അവർ ബി.ജെ.പി.യെ എതിർക്കും. പക്ഷേ നിർണായക നിമിഷങ്ങളിൽ ബി.ജെ.പിക്ക് വഴിയൊരുക്കും. അവർ കേന്ദ്രസർക്കാരിനെ വിമർശിക്കും. പക്ഷേ കേന്ദ്രനയത്തിൻ്റെ കത്തി സംസ്ഥാനത്ത് മിനുക്കും. അവർ ജനാധിപത്യം പറയും. പക്ഷേ വിദ്യാർത്ഥികളെ കേസിലാക്കും. അവർ തൊഴിലാളികളെ സ്നേഹിക്കുന്നുവെന്ന് പറയും. പക്ഷേ ലേബർ കോഡിൻ്റെ ചട്ടവഴികൾ തുറക്കും. ഇതാണ് കോൺഗ്രസിൻ്റെ രാഷ്ട്രീയ ദുരന്തം. സംഘപരിവാറിനോട് ആശയപരമായ പോരാട്ടം നടത്താനുള്ള ഉറപ്പില്ല. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ആഗ്രഹമുണ്ട്. ഈ 2 നിലപാടുകൾ ചേർന്നാൽ ഫലം ഇതാണ് — ബി.ജെ.പി. വളരേണ്ട ആവശ്യമില്ല; യു.ഡി.എഫ്. തന്നെ ബി.ജെ.പി. നയം നടപ്പാക്കും.
ഒരു വിദ്യാർഥി നീറ്റ് പേപ്പർ ലീക്കിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കുറ്റമല്ല. അത് അവൻ്റെ ഭാവിക്ക് വേണ്ടിയുള്ള നിലവിളിയാണ്. ഒരു തൊഴിലാളി ലേബർ കോഡിനെതിരെ സമരം ചെയ്യുന്നത് തടസ്സമല്ല. അത് അവൻ്റെ ജീവിതസുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഒരു യുവജനപ്രവർത്തകൻ വിദ്വേഷഭാഷയെ ചോദ്യം ചെയ്യുന്നത് നിയമലംഘനമല്ല. അത് കേരളത്തിൻ്റെ ജനാധിപത്യ സംസ്കാരത്തിൻ്റെ ഭാഗമാണ്. ഇവയ്ക്കെല്ലാം മറുപടി കേസാണെങ്കിൽ, ആ സർക്കാർ ആരുടെ ഭാഷയിലാണ് സംസാരിക്കുന്നത്?
കേരളം ഒരിക്കൽ ഫാഷിസത്തിനെതിരെ രാജ്യത്തിന് വഴികാട്ടിയ സംസ്ഥാനമായിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ തെരുവുകൾ നിറഞ്ഞപ്പോൾ ഈ മണ്ണ് കേന്ദ്രാധിപത്യത്തോട് തലകുനിച്ചില്ല. തൊഴിലാളി അവകാശം ചോദിക്കുമ്പോൾ ഈ മണ്ണ് മൗനം പാലിച്ചില്ല. വിദ്യാഭ്യാസനീതി ചോദിക്കുന്ന കുട്ടികളെ ഈ മണ്ണ് കുറ്റവാളികളായി കണ്ടില്ല. ആ ചരിത്രമുള്ള കേരളത്തിലാണ് ഇന്ന് വിദ്യാർഥി പ്രതിഷേധം കേസുകളുടെ എണ്ണത്തിൽ അളക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ ചോദ്യം വേദനയായി ഉയരുന്നത്.
യു.ഡി.എഫ്. സർക്കാർ മനസ്സിലാക്കണം: മോദി സർക്കാരിനെ എതിർക്കുന്നത് പ്രസ്താവനകളിലൂടെ മാത്രം സാധ്യമല്ല. അതിന് പൊലീസിൻ്റെ ലാത്തി ഏത് ദിശയിലേക്കാണ് തിരിയുന്നത് എന്നതിൽ വ്യക്തത വേണം. തൊഴിലാളി നിയമത്തിൽ ഏത് പക്ഷത്താണ് നിൽക്കുന്നത് എന്ന് തെളിയിക്കണം. വിദ്യാർഥികളുടെ ഭാവി ചോദിക്കുന്ന സമരത്തോട് സർക്കാരിൻ്റെ മനോഭാവം വ്യക്തമാക്കണം. ബി.ജെ.പിയുടെ രാഷ്ട്രീയ ഭാഷ ഭരണത്തിൻ്റെ ഉള്ളിലേക്ക് കടന്നാൽ, അത് 3 സീറ്റിൻ്റെ പ്രശ്നമല്ല; കേരളത്തിൻ്റെ ജനാധിപത്യ ആത്മാവിൻ്റെ പ്രശ്നമാണ്.
ഇന്ന് കേരളത്തിൻ്റെ മുന്നിൽ നിൽക്കുന്ന ചോദ്യം ഇതാണ്: ഡൽഹിയിൽ മോദിയെ വിമർശിക്കുകയും കേരളത്തിൽ മോദി രീതികൾ പിന്തുടരുകയും ചെയ്യുന്ന ഭരണത്തെ എന്ത് പേരിൽ വിളിക്കും? അത് ഒരു പ്രതിപക്ഷ പാർട്ടിയുടെ ഭരണമല്ല. അത് ജനാധിപത്യ സംരക്ഷണമല്ല. അത് ഭരണഘടനാപരമായ ഉത്തരവാദിത്തവുമല്ല. അത് 3 സീറ്റിൻ്റെ നിഴൽ ഭരണം തന്നെയാണ്. ആ നിഴൽ നീക്കേണ്ടത് കേരളത്തിലെ വിദ്യാർഥികളും തൊഴിലാളികളും യുവാക്കളും ജനാധിപത്യ വിശ്വാസികളുമാണ്. കേസ് കൊണ്ട് വിദ്യാർഥിയെ മിണ്ടാതാക്കാനാവില്ല. കോഡ് കൊണ്ട് തൊഴിലാളിയെ മുട്ടുകുത്തിക്കാനാവില്ല. പൊലീസ് കൊണ്ട് യുവജനപ്രതിരോധത്തെ അവസാനിപ്പിക്കാനാവില്ല.
കേരളം ആരുടേതാണെന്ന് തീരുമാനിക്കുന്നത് നിയമസഭയിലെ 3 സീറ്റുകളല്ല. തെരുവിൽ നീതി ചോദിച്ച് നിൽക്കുന്ന ജനങ്ങളാണ്.


























